കണ്ണൂരിൽ കോൺഗ്രസും ആർഎസ്എസും സഹകരിച്ചാണ് പ്രവർത്തിച്ചത്; സുധാകരന്റെ പ്രസ്താവനയിൽ അത്ഭുതമില്ലെന്ന് എം വി ഗോവിന്ദൻ

Update: 2022-11-09 10:11 GMT

കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന കെ സുധാകരന്റെ പ്രസ്താവനയിൽ അദ്ഭുതമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കണ്ണൂരിൽ കോൺഗ്രസും ആർഎസ്എസും പരസ്പരം സഹകരിച്ചാണ് പ്രവർത്തിച്ചത്. 1969 മുതലേ ആ ബന്ധം ഉണ്ട്. ഇ പി ജയരാജനെതിരെ അക്രമം നടത്തിയവരിൽ ആർഎസ്എസുകാരുമുണ്ട്. കണ്ണൂരിനെ ദത്തെടുത്ത് സിപിഎമ്മിനെ നശിപ്പിക്കാൻ ശ്രമിച്ചവരാണ് ആർഎസ്എസ്. ആദ്യം തെരഞ്ഞെടുത്ത ജില്ലയെന്ന നിലയിൽ രണ്ട് കോടി രൂപ നൽകി എന്നത് ആർഎസ്എസ് പറഞ്ഞതാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

അതേസമയം ബിജെപിയിൽ പോകാൻ തോന്നിയാൽ പോകുമെന്ന സുധാകരന്റെ നിലപാട് ജനാധിപത്യപരമായ അവകാശമാണ്. കോൺഗ്രസ് ആണ് അത് ഗൗരവത്തിൽ എടുക്കേണ്ടത്. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്. തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ബിജെപിക്ക് ഒപ്പം മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ച് നിൽക്കുകയാണ് കോൺഗ്രസ് എന്നും ഗോവിന്ദൻ ആരോപിച്ചു. കൂടാതെ ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് മാറ്റുന്നതിൽ സർക്കാരിന് പരിപൂർണ പിന്തുണയുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News