ജനുവരി 10 മുതൽ സ്‌പോട്ട് ബുക്കിംഗ് ഇല്ല; ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണം

Update: 2024-01-02 05:37 GMT

ശബരിമലയിൽ മകരവിളക്കിന് മുന്നോടിയായി തീർഥാടകർക്ക് നിയന്ത്രണം. ജനുവരി 10 മുതൽ സ്‌പോട്ട് ബുക്കിംഗ് ഉണ്ടാകില്ല. പൊലീസിന്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡ് തീരുമാനം. ശബരിമലയിൽ ഭക്തജന തിരക്ക് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ആണ് അയ്യപ്പഭക്തർക്ക് ശബരിമല ദർശനത്തിനായുള്ള സ്‌പോട്ട് ബുക്കിംഗ് ജനുവരി 10-ാം തീയതി മുതൽ ഒഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്.

സാധാരണ ഗതിയിൽ മകരവിളക്കിന് മൂന്ന് നാൾ മുൻപ് തന്നെ ശബരിമല ദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പഭക്തർ മകരവിളക്ക് ദർശിക്കുന്നതിനും തിരുവാഭരണ ദർശനത്തിനുമായി സന്നിധാനം വിട്ടിറങ്ങാതെ ശബരിമലയിലെ വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്യാറാണ് പതിവ്. ഈ സ്ഥിതിയിൽ  വീണ്ടും കൂടുതൽ ഭക്തർ അയ്യപ്പ ദർശനത്തിനായി മലകയറിയാൽ അത് അയ്യപ്പ ഭക്തരുടെ സുരക്ഷയെയും സുഗമമായ ദർശന സൗകര്യത്തെയും സാരമായി ബാധിക്കും. ഈ സാഹചര്യത്തിലാണ് സ്‌പോട്ട് ബുക്കിംഗ് പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.

Tags:    

Similar News