മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചര്‍ച്ചയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് ശശി തരൂര്‍

No relevance to the discussion of the CM Candidateship in Kerala says Sasi Tharoor

Update: 2023-01-12 10:59 GMT

സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചര്‍ച്ച ഇപ്പോഴേ തുടങ്ങുന്നതില്‍ പ്രസക്തിയില്ലെന്ന് ശശി തരൂര്‍ എംപി. കേരളത്തില്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന ശശി തരൂരിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നേരത്തെ രംഗത്ത് വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചര്‍ച്ച ഇപ്പോള്‍ തുടങ്ങുന്നതില്‍ പ്രസക്തിയില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒരു സമുദായ നേതാവിനെയും അപ്പോയിന്റ്‌മെന്റ് എടുത്ത് കണ്ടതല്ലെന്നും അവര്‍ കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. നേതാക്കള്‍ക്ക് പല ആഗ്രഹങ്ങളുണ്ടാകുമെങ്കിലും പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് ചില നടപടി ക്രമം ഉണ്ടെന്നും മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഹൈകമാന്റാണെന്നും തരൂര്‍ അഭിപ്രായം പറയേണ്ടത് ഹൈ കമാന്റിനോടാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ദേശീയ-സംസ്ഥാന നേതൃത്വത്തെ ഒരുപോലെ വെട്ടിലാക്കിയാണ് സംസ്ഥാന രാഷ്ട്രീയം മുന്നില്‍ക്കണ്ടുള്ള തരൂരിന്റെ പര്യടനം. നിയമസഭയിലേക്ക് മത്സരിക്കാനും മുഖ്യമന്ത്രിയാകാനും വരെയുള്ള ആഗ്രഹം തുറന്ന് പറഞ്ഞും, മത - സാമുദായിക നേതാക്കളുടെ പിന്തുണ ആവര്‍ത്തിച്ചുറപ്പാക്കിയുമാണ് തരൂര്‍ നീങ്ങുന്നത്. തരൂരിനെ വാഴ്ത്തി എന്‍എസ്എസ് അടക്കം നിലയുറപ്പിക്കുമ്പോള്‍ പല നേതാക്കളും അമര്‍ഷം ഉള്ളിലൊതുക്കുകയാണ്. ഇതിനിടെ ശശി തരൂരിന്റെ സന്ദര്‍ശനങ്ങള്‍ക്ക് മുസ്ലിം ലീഗ് രാഷ്ട്രീയപ്രാധാന്യം കൊടുക്കുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യത്തില്‍ ഇന്നുവരെ ഇടപെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥിക്കാര്യത്തില്‍ ലീഗ് അഭിപ്രായം പറഞ്ഞിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News