'ആര് തെറ്റ് ചെയ്താലും സംരക്ഷിക്കില്ല, കടുത്ത നടപടിക്ക് വിധേയമാക്കും': എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍

Update: 2024-09-11 13:19 GMT

അജിത് കുമാര്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കില്‍ അതെന്താണെന്നാണ് പരിശോധിക്കേണ്ട പ്രധാന വിഷയമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. പി വി അന്‍വര്‍ നല്‍കിയ പരാതിയില്‍, തൃശൂരിലെ പൂരവുമായി ബന്ധപ്പെട്ട പരാതിയും സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കി തീരുമാനിക്കേണ്ടതാണെന്നും അത്തരം നടപടികള്‍ ആഭ്യന്തര വകുപ്പില്‍ തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് വരുന്ന മുറക്ക് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഒരു കാരണവശാലും അവരെ സംരക്ഷിക്കില്ല. കടുത്ത നടപടിക്ക് വിധേയമാക്കും. ഈ നിലപാടിന് എല്‍ഡിഎഫ് പൂര്‍ണ പിന്തുണ നല്‍കുമെന്നും എൽ ഡി എഫ് കണ്‍വീനര്‍ പറഞ്ഞു

മുന്നണി സംവിധാനത്തെ ശക്തിപ്പെടുത്തുന്ന സംഘടനാപരമായ പ്രവര്‍ത്തനത്തെ കുറിച്ചാണ് മുന്നണി പ്രധാനമായും ചര്‍ച്ച ചെയ്തത്. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ കൂടുതല്‍ ശക്തമായി കൈകാര്യം ചെയ്യുന്ന നിലയിലുള്ള പരിപാടികളാണ് തയ്യാറാക്കിയിട്ടുള്ളത്. നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, പാലക്കാട്, ചേലക്കര മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകള്‍ക്കുള്ള പ്രാഥമിക ആലോചന ഇന്നത്തെ എല്‍ഡിഎഫ് യോഗത്തില്‍ നടത്തിയിട്ടുണ്ട്.

കേരളം ശ്രദ്ധിക്കുന്ന പ്രധാന പ്രശ്‌നം വയനാടിന്റെ പുനരധിവാസമാണ്. വളരെ വേഗത്തില്‍ പുനരധിവാസം ഉറപ്പാക്കുന്ന പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. താല്‍ക്കാലികമായി എല്ലാ കുടുംബത്തിനും സംരക്ഷണം നല്‍കാനും ജീവിതോപാധി നഷ്ടപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം നല്‍കി നിലനിര്‍ത്തുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ കൂട്ടിച്ചേർത്തു.

Tags:    

Similar News