കിസാൻ ക്രെഡിറ്റ് കാർഡ് 5 സംസ്ഥാനങ്ങളിൽ കൂടി; കാർഷികമേഖലയ്ക്ക് ബജറ്റിൽ 1.52 ലക്ഷം കോടി
കാർഷികമേഖലയ്ക്ക് 1.52 ലക്ഷം കോടി രൂപ നീക്കിവെക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇതിൽ കാർഷിക മേഖലയിൽ ഉദ്പാദനവും ഉണർവും നൽകാനുള്ള വിവിധ പദ്ധതികൾ ഉൾപ്പെടുന്നു. കാർഷിക മേഖലയുടെ വളർച്ച ലക്ഷ്യംവെച്ചുള്ള ഗവേഷണത്തിന് പ്രാധാന്യം നൽകും. സ്വകാര്യമേഖലയെയും ഉൾപ്പെടുത്തിയായിരിക്കും പുതിയ വിളകൾ അടക്കം വികസിപ്പിക്കാനുള്ള ഗവേഷണം. മികച്ച ഉദ്പാദനം നൽകുന്ന 109 ഇനങ്ങൾ വികസിപ്പിക്കും. 5 സംസ്ഥാനങ്ങളിൽ കൂടി കിസാൻ ക്രെഡിറ്റ് കാർഡ് കൊണ്ടുവരും.
രണ്ടുവർഷംകൊണ്ട് രാജ്യത്തെ ഒരുകോടി കർഷകർക്ക് ജൈവ കൃഷിക്കായി സർട്ടിഫിക്കേഷനും ബ്രാൻഡിങ്ങും നൽകുന്നതിന് ഗ്രാമപഞ്ചായത്തുകളും ഗവേഷണ സ്ഥാപനങ്ങളും വഴി അവസരമൊരുക്കും. പതിനായിരം ജൈവകാർഷിക കേന്ദ്രങ്ങൾ സ്ഥാപിക്കും. പരിപ്പ്, എണ്ണക്കുരു എന്നിവയുടെ ഉദ്പാദനം, സംഭരണം, വിപണനം എന്നിവ കൂടുതൽ ശക്തിപ്പെടുത്തും.
- പച്ചക്കറി ഉൽപാദനം വർധിപ്പിക്കുന്നതിന് ഉപഭോഗ മേഖലകളോടനുബന്ധിച്ച് വൻകിട കേന്ദ്രങ്ങൾ. കാർഷിക സംഘങ്ങൾ, സഹകരണ സംഘങ്ങൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയെ ഉപയോഗപ്പെടുത്തി പച്ചക്കറി സംഭരണത്തിനും വിപണനത്തിനും സൗകര്യമൊരുക്കും. സംസ്ഥാനസർക്കാരുകളുമായി സഹകരിച്ച് ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രെക്ചർ കൊണ്ടുവരും.
- ജൻ സമർഥ് അടിസ്ഥാനമാക്കിയുള്ള കിസാൻ ക്രെഡിറ്റ് കാർഡ് അഞ്ച് സംസ്ഥാനങ്ങളിൽ അവതരിപ്പിക്കും
- ചെമ്മീൻ ഉദ്പാദനവും കയറ്റുമതിയും വർധിപ്പിക്കുന്നതിനായി വിത്ത് ഉദ്പാദന കേന്ദ്രങ്ങൾ. നബാർഡ് മുഖേന ധനസഹായം നൽകും.
- രണ്ട് ലക്ഷം കോടിയുടെ അഞ്ച് പദ്ധതികൾ
- കാലാവസ്ഥ മാറ്റത്തെ അതിജീവിക്കുന്ന ഒമ്പത് വിളകൾ വികസിപ്പിക്കാൻ പദ്ധതി. കിസാൻ ക്രെഡിറ്റ് കാർഡ് അഞ്ച് സംസ്ഥാനങ്ങളിൽ കൂടി.
- മൂന്നു വർഷത്തിനകം 400 ജില്ലകളിൽ ഡിജിറ്റൽ വിള സർവെ. ആറ് കോടി കർഷകരുടെയും ഭൂമിയുടേയും വിവരങ്ങൾ ശേഖരിക്കും.