മർദിച്ചെന്ന കേസിൽ സ്വാതിയെ തള്ളി എഎപി; കേജ്‌രിവാളിന്റെ വീടിനുള്ളിൽവച്ച് തർക്കിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
സ്വാതി മലിവാൾ എംപിയെ അരവിന്ദ് കേജ്‌രിവാളിന്റെ പിഎ മർദിച്ചെന്ന കേസിൽ സ്വാതിയെ തള്ളി ആം ആദ്മി പാർട്ടി. കേജ്‌രിവാളിന്റെ വീടിനുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥനുമായി സ്വാതി തർക്കിക്കുന്ന ദൃശ്യങ്ങൾ എക്സിലെ ഔദ്യോഗിക അക്കൗണ്ടിൽ പങ്കുവച്ചാണ് എഎപി നിലപാട് പ്രഖ്യാപിച്ചത്. ഹിന്ദി വാർത്താ ചാനലിന്റെ ദൃശ്യങ്ങളാണ് പങ്കുവച്ചത്. കേജ്‌രിവാളിന്റെ വീടിനുള്ളിൽനിന്നുള്ള ദൃശ്യങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
വീടിനുള്ളിലെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ എക്സിൽ പ്രതികരണവുമായി സ്വാതി മലിവാൾ എംപിയും രംഗത്തെത്തി. ‘രാഷ്ട്രീയ വാടകക്കൊലയാളി ’ സ്വയരക്ഷയ്ക്കുള്ള ശ്രമം തുടങ്ങിയെന്നാണ് ആരുടെയും പേര് പരാമർശിക്കാതെയുള്ള സ്വാതിയുടെ കുറിപ്പ്.
‘‘എല്ലാത്തവണത്തെയും പോലെ ഇപ്പോഴും ഈ രാഷ്ട്രീയ വാടകക്കൊലയാളി സ്വയം രക്ഷിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഒരു കാര്യവുമില്ലാത്ത വിഡിയോകൾ സ്വന്തം ആളുകളെക്കൊണ്ട് എക്സിൽ പോസ്റ്റ് ചെയ്യിച്ചും ഷെയർ ചെയ്യിച്ചും ചെയ്ത തെറ്റിൽനിന്ന് രക്ഷപ്പെടാമെന്നാണ് അദ്ദേഹം കരുതുന്നത്. കേജ്‌രിവാളിന്റെ വീട്ടിലെയും മുറിയിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ അധികം വൈകാതെതന്നെ എല്ലാവർക്കും സത്യം ബോധ്യമാകും.’’– സ്വാതി എക്സിൽ കുറിച്ചു.
കേജ്‌രിവാളിന്റെ വീടിനുള്ളിൽ നിന്നുള്ള 52 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതിൽ വീട്ടിനുള്ളിൽ കേജ്‌രിവാളിന്റെ സുരക്ഷാ ഉദ്യോഗസ്ഥനോട് സ്വാതി തർക്കിക്കുന്നതായി കാണാം. താൻ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചിട്ടുണ്ടെന്നും പൊലീസ് എത്തുന്നതുവരെ കാത്തിരിക്കുമെന്നും സ്വാതി പറയുന്നതും വിഡിയോയിൽ കേൾക്കാം.
‘‘ ഞാനിത് എല്ലാവരോടും പറയും. ഞാൻ നിങ്ങളുടെ ഡിസിപിയോട് സംസാരിക്കട്ടെ ’’ എന്നും സ്വാതി വിഡിയോയിൽ പറയുന്നു. തന്റെ ദേഹത്തുതൊട്ടാൽ ജോലിയിൽനിന്ന് പുറത്താക്കുമെന്നും സ്വാതി സുരക്ഷാ ഉദ്യോഗസ്ഥനോട് പറയുന്നു.
കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാർ മുഖ്യമന്ത്രിയുടെ വസതിയിൽവച്ച് തിങ്കളാഴ്ച തന്നെ ക്രൂരമായി മർദിച്ചെന്ന സ്വാതിയുടെ പരാതിയിൽ ഡൽഹി പൊലീസ് അന്വേഷണം നടത്തിവരികയാണ്. ബൈഭവ് കുമാർ ഏഴു തവണ കരണത്തടിച്ചെന്നും നെഞ്ചിലും വയറിലും ചവിട്ടിയെന്നുമാണ് സ്വാതി പൊലീസിന് മൊഴി നൽകിയിട്ടുള്ളത്.
സംഭവത്തിൽ അരവിന്ദ് കേജ്‌രിവാളിന്റെ വസതിയിൽ ഡൽഹി പൊലീസും ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തി. വെള്ളിയാഴ്ച വൈകിട്ട് 4.45 ഓടെയാണ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയത്.