മലപ്പുറത്തെ എൻസിപി പ്രാദേശിക നേതാക്കൾ പാർട്ടി വിട്ടു; പി.വി അൻവറിനൊപ്പം ചേർന്ന് പുതിയ പാർട്ടിയിൽ പ്രവർത്തിക്കും

Update: 2024-10-05 12:33 GMT

മഞ്ചേരിയിൽ പാർട്ടി രൂപീകരണം പ്രഖ്യാപിക്കാനിരിക്കെ അൻവറിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ മറ്റ് പാർട്ടികളിൽ നിന്നും പ്രവർത്തകരെത്തുന്നു. മലപ്പുറത്തെ എൻ.സി.പി പ്രാദേശിക നേതാക്കൾ പാർട്ടിയിൽ നിന്നും രാജി വെച്ച് പി.വി. അൻവറിന്റെ പുതിയ പാർട്ടിയിലേക്ക് ചേരുമെന്ന് പ്രഖ്യാപിച്ചു. 

എൻസിപിയുടെ യുവജന വിഭാഗം മുൻ ജില്ലാ പ്രസിഡണ്ട് ഷുഹൈബ് എടവണ്ണ, എറനാട് നിയോജക മണ്ഡലം പ്രസിഡണ്ട് പുതിയത്ത് ഇഖ് ലാസ്, സെക്രട്ടറിമാരായ ഷഹാലുദ്ദീൻ ചെറ്റിശേരി, സജീർ പി.ടി എന്നിവർ അൻവറിനൊപ്പം ചേരുന്നതിനായി എൻസിപിയിൽ നിന്ന് രാജിവച്ചു. 

അതേ സമയം സിപിഎമ്മിനോട് ഇടഞ്ഞ പി.വി അൻവർ ഡിഎംകെ മുന്നണിയിലേക്കെന്ന് സൂചന. ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി അൻവർ ചർച്ച നടത്തി. ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നു. അൻവ‍ർ ലക്ഷ്യമിടുന്നത് ഡിഎംകെ മുന്നണിയെന്ന് സഹപ്രവർത്തകൻ സുകു വ്യക്തമാക്കി. 

നാളെ മഞ്ചേരിയിൽ അൻവർ പാർട്ടി രൂപീകരണം പ്രഖ്യാപിക്കാനിരിക്കെയാണ് സുകുവിന്റെ വെളിപ്പെടുത്തൽ. ഡിഎംകെയിൽ അൻവറും അണികളും ലയിക്കില്ല. പ്രത്യേകപാർട്ടിയുണ്ടാക്കി സഖ്യമുണ്ടാക്കി പിന്നീട് യുഡിഎഫിലെത്താനാണ് നീക്കം. നേരിട്ട് യുഡിഎഫിൽ പ്രവേശിക്കാൻ തടസ്സമുണ്ടായേക്കും എന്നാണ് വിലയിരുത്തൽ. തമിഴ് നാടുമായി അതിർത്തി പങ്കെടുന്ന വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി പോലുള്ള ജില്ലകളിൽ നിന്നുള്ള അണികളെയും അൻവർ ഇത് വഴി ലക്ഷ്യമിടുന്നു. ഒപ്പം ഡിഎംകെയുടെ മതേതര പ്രതിഛായ മുൻനിർത്തി ന്യൂനപക്ഷ വോട്ടർമാരും എത്തുമെന്നാണ് കരുതുന്നത്.   

Tags:    

Similar News