മുഖ്യമന്ത്രിയും മന്ത്രിമാരും ജനസമക്ഷം എത്തിച്ചേരുന്ന നവകേരള സദസ്സിന് ജില്ലയിൽ ആവേശോജ്വല തുടക്കം. പ്രഭാതസദസ്സോടെ തുടക്കമായ ആദ്യദിനത്തിൽ നാല് മണ്ഡലങ്ങളിലായി പതിനായിരക്കണക്കിനുപേരാണ് പങ്കെടുത്തത്.
കൊട്ടാരക്കരയിൽ രാവിലെ നടന്ന പ്രഭാതസദസ്സിനെ തുടർന്ന് പത്തനാപുരം മണ്ഡലത്തിലാണ് ആദ്യ നവകേരള സദസ്സ് സംഘടിപ്പിച്ചത്. വൻജനാവലിയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കേൾക്കാൻ എൻ.എസ്.എസ് ഗ്രൗണ്ടിൽ ഒഴുകിയെത്തിയത്. പുനലൂർ മണ്ഡലത്തിലെ സദസ്സിലും സമാനമായിരുന്നു തിരക്ക്. ശേഷം വീണ്ടും കൊട്ടാരക്കരയിലേക്കാണ് നവകേരള ബസ് യാത്രയായത്. വൈകീട്ട് കൊട്ടാരക്കര മണ്ഡലത്തിലെ സദസ്സ് ജൂബിലി മന്ദിരത്തിൽ അരങ്ങേറി. ബി.ജെ.പിയോട് ചേർന്ന് കോൺഗ്രസിന് കേരള വിരുദ്ധ മനസ്സ് രൂപപ്പെട്ടിരിക്കുന്നുവെന്നതുൾപ്പെടെ വിമർശനങ്ങൾ മുഖ്യമന്ത്രി കൊട്ടാരക്കരയിൽ ഉന്നയിച്ചു. തുടർന്ന് കുന്നത്തൂർ മണ്ഡലത്തിലെ സദസ്സിനും മികച്ച സ്വീകരണം ലഭിച്ചു. നാല് മണ്ഡലങ്ങളിലും യൂത്ത് കോൺഗ്രസ് കരിങ്കൊടി, ഉപരോധ പ്രതിഷേധങ്ങളും അരങ്ങേറി. പൊലീസ് ഇടപെട്ട് നേതാക്കളെ അറസ്റ്റ് ചെയ്തുനീക്കി.
ചൊവ്വാഴ്ച കരുനാഗപ്പള്ളി, ചവറ, കുണ്ടറ, കൊല്ലം മണ്ഡലങ്ങളിലാണ് നവകേരള സംഘത്തിന്റെ പര്യടനം. രാവിലെ കൊല്ലം ബീച്ച് ഹോട്ടലിൽ പ്രഭാതസദസ്സ് നടക്കും. 11ന് കരുനാഗപ്പള്ളി എച്ച്.ആൻഡ് ജെ മാൾ ഗ്രൗണ്ടിൽ സദസ്സ് നടക്കും. ചവറ മണ്ഡലത്തിൽ ഉച്ചക്ക് ശേഷം മൂന്നിന് കെ.എം.എം.എൽ ഗ്രൗണ്ടിലും 4.30ന് കുണ്ടറ സെറാമിക്സ് ഗ്രൗണ്ടിലുമാണ് സദസ്സുകൾ നടക്കുന്നത്. കൊല്ലം മണ്ഡലത്തിലെ സദസ്സിന് വൈകീട്ട് ആറിന് ആശ്രാമം പ്രശാന്തി ഗാർഡൻസ് വേദിയാകും.