'നവകേരള സദസ് മെഗാ പിആർ പരിപാടി, ജനപിന്തുണ നഷ്ടപ്പെട്ടുവെന്ന് എൽഡിഎഫിന് ബോധ്യമായി'; വിഎം സുധീരൻ
നവകേരള യാത്ര ജനങ്ങൾക്ക് പുതിയ ബാധ്യതയാണെന്നും ജനങ്ങളോട് ആത്മാർത്ഥതയുണ്ടെങ്കിൽ മുഖ്യമന്ത്രി തെറ്റ് തിരുത്തണമെന്നും കോൺഗ്രസ് നേതാവ് വിഎം സുധീരൻ പറഞ്ഞു. ജനപിന്തുണ നഷ്ടപ്പെട്ടവെന്ന് എൽഡിഎഫിന് ബോധ്യമായി. ആ കൈപ്പേറിയ സത്യം അവർക്ക് ബോധ്യമായി. അതാണ് പി.ആർ. വർക്കിന് ഇറങ്ങി പുറപ്പെട്ടത്. നവകേരള സദസ് മെഗാ പി.ആർ പരിപാടിയാണെന്നും വിഎം സുധീരൻ ആരോപിച്ചു.
ഏഴര ലക്ഷത്തോളം ഫയൽ കെട്ടിക്കിടക്കുമ്പോഴാണ് സെക്രട്ടേറിയറ്റ് ശൂന്യമാക്കി മന്ത്രിമാർ പി.ആർ വർക്കിന് ഇറങ്ങിയത്. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളിൽ പരിഹാരമില്ല. ക്ഷേമ പെൻഷൻ മുഴുവൻ ഉടൻ കൊടുത്തു തീർക്കുകയാണ് വേണ്ടത്. നെല്ല് സംഭരണത്തിന് കർഷകർക്ക് പണം കിട്ടുന്നില്ല. സ്‌കൂൾ കുട്ടികൾക്ക് നേരെ ചൊവ്വേ ഉച്ച ഭക്ഷണം പോലും നൽകുന്നില്ല. സർക്കാരിന് ശ്രദ്ധ കേരളത്തിൽ മദ്യ വ്യാപനം നടത്തുന്നതിൽ മാത്രമാണ്. മയക്കുമരുന്നും വ്യാപിക്കുകയാണ്. പെൺകുട്ടികൾ ഉൾപ്പെടെ മയക്കുമരുന്നിന് അടിമകളാകുകയാണ്. ആലുവ പ്രതി ലഹരിക്ക് അടിമയാണ്. കേരളം അരാജക അവസ്ഥയിലെത്തി നിൽക്കുകയാണ്. കുറ്റകൃത്യം , ആത്മഹത്യ, റോഡപകടം എല്ലാം കൂടി. സർക്കാർ കേരളത്തെ സാമൂഹ്യ ദുരന്തത്തിലേക്ക് തള്ളിവിടുകയാണ്. വിഎം സുധീരൻ നിലപാട് വ്യക്തമാക്കി.