ഭർത്താവിന്റെ പേരിലുള്ള ഭൂമിയിൽ കൃഷിയിറക്കാനെത്തി; ഗായിക നഞ്ചിയമ്മയെ തടഞ്ഞ് പൊലീസും റവന്യു ഉദ്യോഗസ്ഥരും

Update: 2024-07-17 05:02 GMT

ആദിവാസി ഭൂമി അന്യാധീനപ്പെടൽ തടയൽ നിയമപ്രകാരം (ടിഎൽഎ) ലഭിച്ച ഭൂമിയിൽ കൃഷിയിറക്കാനെത്തിയ ഗായിക നഞ്ചിയമ്മയെയും കുടുംബാംഗങ്ങളെയും പൊലീസും റവന്യു ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞു. അഗളിയിൽ പ്രധാന റോഡരികിലെ നാലേക്കർ ഭൂമി ഉഴുത് കൃഷിയിറക്കാൻ ട്രാക്ടറുമായാണ് നഞ്ചിയമ്മയും കുടുംബാംഗങ്ങളും എത്തിയത്. അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർ പി എ ഷാനവാസ് ഖാന്റെ നേതൃത്വത്തിലുള്ള റവന്യു ഉദ്യാേഗസ്ഥരും അഗളി പൊലീസുമാണ് ഇവരെ തടഞ്ഞത്. നിലവിൽ ഭൂമിക്ക് ഉടമസ്ഥത അവകാശപ്പെടുന്നവരും സ്ഥലത്തുണ്ടായിരുന്നു.

കന്തസ്വാമി ബോയനും തന്റെ ഭർത്താവിന്റെ കുടുംബവുമായാണ് ടിഎൽഎ കേസുണ്ടായിരുന്നതെന്നും 2023ൽ അനുകൂലവിധി ലഭിച്ചെന്നും നഞ്ചിയമ്മ പറഞ്ഞു. ടിഎൽഎ കേസ് നിലനിൽക്കെ വ്യാജരേഖകളുണ്ടാക്കി ഭൂമി കൈവശപ്പെടുത്താൻ ചിലർ ശ്രമിക്കുന്നുവെന്നു അതിന് റവന്യു അധികാരികൾ ഒത്താശ ചെയ്തതായും നഞ്ചിയമ്മ ആരോപിക്കുന്നു. വിഷയം ഈ മാസം 19 ചർച്ച ചെയ്യാമെന്ന തഹസിൽദാരുടെ ഉറപ്പിൽ കൃഷിയിറക്കുന്നത് മാറ്റിവച്ചതായി നഞ്ചിയമ്മ അറിയിച്ചു. ടിഎൻഎ കേസുകളും അതിലുള്ള വിധികളും ഉദ്യോഗസ്ഥരും കോടതികളും പരിഗണിക്കുന്നില്ലെന്ന് ആദിവാസി ഭാരത് മഹാസഭ സംസ്ഥാന കൺവീനർ ടി ആർ ചന്ദ്രൻ പറഞ്ഞു. താൻ ഇനിയും ഇവിടെ വരുമെന്നും കൃഷിയിറക്കുമെന്നും തനിക്ക് അവകാശപ്പെട്ട ഭൂമിയാണിതെന്നും നഞ്ചിയമ്മ വ്യക്തമാക്കി. എഐകെകെഎസ് സംസ്ഥാന പ്രസിഡന്റ് എം സുകുമാരാൻ ഉൾപ്പെടെ ആദിവാസി സംഘടനാ പ്രവർത്തകർ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

Tags:    

Similar News