കോണ്‍ഗ്രസിന്റെ നേതൃപദവിയിലെത്തണമെങ്കില്‍ തട്ടിപ്പ് നടത്തണമെന്ന സ്ഥിതിയാണെന്ന് സി.പി.എം നേതാവ് എം.വി. ജയരാജന്‍. വന്‍ സാമ്പത്തിക തട്ടിപ്പിന്റെ ഇടനിലക്കാരനായിരുന്നു സുധാകരനെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി അധ്യക്ഷസ്ഥാനം ഒഴിയില്ലെന്ന പ്രഖ്യാപനം കോണ്‍ഗ്രസിന്റെ അണികളോട് കാണിക്കുന്ന ധിക്കാരമാണെന്ന് എം.വി ജയരാജന്‍ പറഞ്ഞു. സ്ഥാനത്ത് തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം കോൺഗ്രസിന് തന്നെയാണ്. എന്നാൽ കെ.പി.സി.സി അധ്യക്ഷപദവിയില്‍ മുന്‍പ് ഉണ്ടായിരുന്ന നേതാക്കന്മാര്‍ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയാണ് കോണ്‍ഗ്രസിനെ നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശ നാണയ വിനിമയ ചട്ടത്തിന്റെ ഫലമായി കുടുങ്ങിക്കിടന്ന 2.64 ലക്ഷം കോടി രൂപ തട്ടിയെടുക്കാനുള്ള ശ്രമമാണ് പുരാവസ്തു തട്ടിപ്പ് കേസ്. മോന്‍സന് നല്‍കിയ തുകയുടെ ഒരു പങ്ക് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുന്ന തുക റിലീസ് ചെയ്ത് കിട്ടാന്‍ നല്‍കുന്ന പണമാണ്. മോന്‍സൻ സുധാകരന് പണം നല്‍കുന്നത് താന്‍ കണ്ടുവെന്ന് മോന്‍സന്റെ ഡ്രൈവര്‍ കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഒരു വന്‍ സാമ്പത്തിക തട്ടിപ്പിന്റെ ഇടനിലക്കാരനായിരുന്ന കെ. സുധാകരന്‍ എന്നുവേണം ഇതിൽ നിന്ന് മനസ്സിലാക്കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അധ്യക്ഷസ്ഥാനം ഒഴിയേണ്ടെന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവാണ്. എന്നാല്‍ അദ്ദേഹം സമാനമായ ഒരു അഴിമതി കേസില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇരുവരും തമ്മിലുള്ള പരസ്പര ധാരണ തട്ടിപ്പും അഴിമതിയുമുണ്ടെങ്കില്‍ കോണ്‍ഗ്രസില്‍ നേതാവാകാമെന്നാണ് സൂചിപ്പിക്കുന്നത്, എം.വി ജയരാജൻ പറഞ്ഞു.