30 കോടി വാഗ്ദാന ആരോപണം: സ്വപ്‌നയ്‌ക്കെതിരെ മാനനഷ്ടക്കേസുമായി എം.വി.ഗോവിന്ദൻ

Update: 2023-05-01 06:17 GMT

സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് തളിപ്പറമ്പ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ നേരിട്ട് ഹാജരായി മാനനഷ്ടത്തിന് പരാതി നൽകും. സ്വപ്നയ്‌ക്കെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷ് നൽകിയ പരാതിയിലെ എഫ്‌ഐആർ ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് എം.വി.ഗോവിന്ദൻറെ നിയമനടപടി.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഉയർത്തിയ ആരോപണങ്ങളിൽ നിന്ന് പിന്മാറിയാൽ 30 കോടി രൂപ നൽകാമെന്ന് ബെംഗളൂരുവിലെ ഒടിടി പ്ലാറ്റ്‌ഫോംസിഇഒ വിജേഷ് പിള്ള മുഖേന എം.വി.ഗോവിന്ദൻ അറിയിച്ചുവെന്ന സ്വപ്ന സുരേഷിൻറെ ഫെയ്‌സ്ബുക്കിലൂടെയുള്ള വെളിപ്പെടുത്തലിനെതിരെയാണ് എം.വി.ഗോവിന്ദൻ കോടതിയിൽ പരാതി നൽകുന്നത്. സ്വപ്നയുടെ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കോടി രൂപ നഷ്ടപരിഹാരത്തിന് എം.വി.ഗോവിന്ദൻ സ്വപ്നയ്ക്കും വിജേഷ് പിള്ളയ്ക്കും വക്കീൽ നോട്ടിസ് അയച്ചിരുന്നു. നോട്ടിസിലെ ആരോപണങ്ങൾ വിജേഷ് പിള്ള നിഷേധിച്ചുവെങ്കിലും സ്വപ്ന സുരേഷിൻറെ മറുപടി ലഭിച്ചിരുന്നില്ല. ഇതിൻറെ അടിസ്ഥാനത്തിലാണ് ആരോപണത്തിനെതിരെ കോടതിയിൽ ക്രിമിനൽ കേസും മാനനഷ്ടത്തിന് നഷ്ടപരിഹാര കേസും നൽകുന്നത്. 

Tags:    

Similar News