എ എന്‍ ഷംസീര്‍ നടത്തിയ പ്രസ്താവന തിരുത്താനോ മാപ്പ് പറയാനോ ഉദ്ദേശിക്കുന്നില്ലെന്ന് എം വി ഗോവിന്ദന്‍

Update: 2023-08-02 09:44 GMT

ശാസ്ത്രവും മിത്തും സംബന്ധിച്ച സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നടത്തിയ പ്രസ്താവന തിരുത്താനോ അതില്‍ മാപ്പ് പറയാനോ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. തിരുത്തേണ്ട ഒരു കാര്യവും ഇതിനകത്തില്ല. ഷംസീര്‍ പറഞ്ഞത് മുഴുവന്‍ ശരിയാണ്. ശാസ്ത്രവും വിശ്വാസവും സംബന്ധിച്ച് ശശി തരൂരും നെഹ്‌റുവും ഒക്കെ ഇത് തന്നെയാണ് മുമ്പ് പറഞ്ഞിട്ടുള്ളത്. ഇതെല്ലാം വായിച്ചിട്ട് വി ഡി സതീശന്‍ എന്ത് പറയുന്നുവെന്ന് നോക്കാമെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഷംസീര്‍ നടത്തിയ ഒരു പ്രസംഗത്തെ വ്യാഖ്യാനിച്ച് ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണം. സിപിഎം ഏതെങ്കിലും മതത്തിനോ മതവിശ്വാസികള്‍ക്കോ എതിരായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയല്ല. എല്ലാ കാലത്തും സിപിഎം മതവിശ്വാസകള്‍ക്കെതിരായ പ്രസ്ഥാനമാണെന്ന പ്രചാരണം വരാറുണ്ട്. വിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും പ്രവര്‍ത്തിക്കാനുള്ള അവകാശമുണ്ട്. ചരിത്രപരമായ ഭൗതികവാദത്തെ അടിസ്ഥാനപ്പെടുത്തി ജവഹര്‍ലാല്‍ നെഹ്‌റു എഴുതിയിട്ടുള്ള പുസ്തകം കോണ്‍ഗ്രസുകാരടക്കം വായിക്കണമെന്നും എം.വി.ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

ഷംസീറിന്റെ പ്രസംഗം ഉയര്‍ത്തിക്കൊണ്ട് ഗണപതി ക്ഷേത്രങ്ങളിലേക്ക് പോയി വഴിപാട് നടത്തുന്നതിന് ഞങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ല. എന്നാല്‍ അത് രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്ന തലത്തിലേക്ക് മാറുന്നില്ലേ എന്ന് സ്വയം പരിശോധിക്കണം. ഷംസീറിനെ ബിജെപി ലക്ഷ്യം വയ്ക്കുന്നതിന് പിന്നിൽ കൃത്യമായ വർഗീയ അജണ്ടയാണ്. ഷംസീറിനെ പാർട്ടി ഒറ്റക്കെട്ടായി പ്രതിരോധിക്കും. വിശ്വാസി വിശ്വാസിയായും അവിശ്വാസി അവിശ്വാസി ആയും ജീവിക്കട്ടെ. ചരിത്രം ചരിത്രമായും മിത്ത് മിത്തായും വിശ്വാസം വിശ്വാസമായും കാണണം. ഒന്നിന്റെയും പേരിൽ രാഷ്ട്രീയമായി ഉപയോഗിക്കുന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News