പി ശശിക്കെതിരെ അൻവർ പരാതി എഴുതി നൽകിയിട്ടില്ല; സർക്കാരിലോ സിപിഎമ്മിലോ പ്രതിസന്ധിയില്ലെന്ന് എംവി ഗോവിന്ദൻ

Update: 2024-09-12 06:02 GMT

എല്ലാ ആരോപണങ്ങളിലും അന്വേഷണം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ ഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. നയപരമായ തീരുമാനമാണ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര വകുപ്പ് ഭരണകൂടത്തിന്റെ ഭാഗമാണ്, ഇടതുമുന്നണിയുടെയല്ല. മാധ്യമങ്ങൾ കള്ളവാർത്ത പ്രചരിപ്പിക്കുകയാണ്. എഡിജിപിക്കൊപ്പം മുഖ്യമന്ത്രിയുടെ ബന്ധു ആർഎസ്എസ് നേതാക്കളെ കണ്ടുവെന്ന വാർത്ത അസംബന്ധമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മാധ്യമ മേഖലയിലെ ചിലർ വാർത്തയുണ്ടാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അതും സർക്കാർ തീരുമാനവും യോജിക്കാതെ വരുമ്പോൾ പാർട്ടിക്കും സർക്കാരിനും പ്രതിസന്ധിയെന്ന് പറയുന്നു. എന്നാൽ യഥാർത്ഥത്തിൽ പ്രതിസന്ധി കള്ളവാർത്ത പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കാണ്. മാധ്യമങ്ങൾ കഥകൾ മെനയുകയാണ്.

എഡിജിപിക്കെതിരെ ഉയർന്ന ആക്ഷേപങ്ങളിൽ അന്വേഷണം നടത്തി റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ സമർപ്പിക്കും. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകും. മുൻ മലപ്പുറം എസ്പിക്കെതിരായ ആരോപണങ്ങളിൽ ഡിജിപി അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പൻഡ് ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിവി അൻവർ പി ശശിക്കെതിരെ പരാതി എഴുതി നൽകിയിട്ടില്ല. വാക്കാൽ പറഞ്ഞത് കൊണ്ട് ഒരാൾക്കെതിരെ നടപടിയെടുക്കാൻ കഴിയില്ല. എഴുതി തരണം. അത് അയാളോട് (അൻവറിനോട്) പറഞ്ഞിട്ടുണ്ട്. പാർട്ടിക്കകത്ത് പരാതി ഉന്നയിക്കുന്ന രീതി വേറെയാണ്. എഴുതി നൽകിയ ആരോപണം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എഡിജിപിയെ മാറ്റാതെ അന്വേഷണം നടത്തുന്നതിൽ അസാധാരണത്വമില്ല. സർക്കാരിലോ സിപിഎമ്മിലോ യാതൊരുവിധ പ്രതിസന്ധിയുമില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

Tags:    

Similar News