മുട്ടില്‍ മരംമുറി കേസ്; സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റിയേക്കും

Update: 2024-05-28 03:30 GMT

മുട്ടിൽ മരംമുറിക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ഉന്നയിച്ച കാര്യങ്ങൾ ശരിയല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്. കുറ്റപത്രം ദുർബലമാണെന്നും വകുപ്പുകൾ നിലനിൽക്കില്ലെന്നുമുള്ള പ്രോസിക്യൂട്ടറുടെ വാദത്തിനുപിന്നിലെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെന്നാണ് അന്വേഷണോദ്യോഗസ്ഥനായ ഡിവൈ.എസ്.പി. വി.വി. ബെന്നി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നതെന്നാണ് സൂചന.

കുറ്റപത്രത്തിനെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച സ്ഥിതിക്ക് നിലവിലുള്ള സ്പെഷ്യൽ പ്രോസിക്യൂട്ടർ തുടരുന്നത് കേസിൻ്റെ നടത്തിപ്പിനെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ജോസഫ് മാത്യുവിനെ മാറ്റിയേക്കും. അടുത്തദിവസം ഇതുസംബന്ധിച്ച് തീരുമാനമുണ്ടാവുമെന്നാണ സൂചന.

അന്നത്തെ വയനാട് കളക്‌ടറായിരുന്ന അദീല അബ്ദുള്ളയുടെ മൊഴിയെടുത്തില്ലെന്ന പ്രേപ്രാസിക്യൂട്ടറുടെ ആരോപണം ശരിയല്ല.തെളിവുകളില്ലാത്തതിനാൽ അദീല അബ്ദുള്ളയെ ഈ ഘട്ടത്തിൽ പ്രതിചേർക്കുക സാധ്യമല്ല. കേസിലെ എല്ലാ കാര്യങ്ങളും സൂക്ഷ്മ‌മായി പരിശോധിച്ചാണ് കുറ്റപത്രം തയ്യാറാക്കിയത്. പ്രതികളെ ശിക്ഷിക്കാൻ പര്യാപ്തമായ തെളിവുകൾ കുറ്റപത്രത്തിലുണ്ട്. ചുമത്തിയ വകുപ്പുകൾ നിലനിൽക്കും.

1964-ലെ ഭൂപതിവ് ചട്ടം നിലവിൽവന്നശേഷം നട്ടുപിടിപ്പിച്ച മരങ്ങൾ മുറിക്കാനുള്ള റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിന്റെ മറവിലാണ് അഗസ്റ്റിൻസഹോദരങ്ങൾ സർക്കാരിലേക്ക് നിക്ഷിപ്ത‌മായ 104 ഈട്ടിമരങ്ങൾ മുറിച്ചുകടത്തിയത്. മാത്രമല്ല, അനധികൃതമായി മുറിച്ച മരങ്ങൾക്ക് നൂറുമുതൽ 570 വർഷംവരെ പഴക്കമുണ്ട്. അതുകൊണ്ട് സർക്കാർ ഉത്തരവുണ്ടെന്ന വാദം നിലനിൽക്കില്ല. ഡി.എൻ.എ. റിപ്പോർട്ടുതന്നെ പ്രതികൾക്ക് നേരേയുള്ള പ്രധാന തെളിവാണ്.

മരംമുറിക്കാലത്ത് വയനാട് കളക്ടറായിരുന്ന അദീല അബ്ദുദുള്ളയ്ക്ക് സംഭവത്തിൽ അറിവുണ്ടെന്നും അവരുടെ വിശദമായ മൊഴി രേഖപ്പെടുത്തണം എന്നും ആവശ്യപ്പെട്ട് ജോസഫ് മാത്യു ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് കത്തെഴുതിയിരുന്നു. സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും ഇക്കാര്യം വാക്കാൽ ആവശ്യപ്പെട്ടു.

ഇതിനുപിന്നാലെ സംഭവം വിവാദമായതോടെ എ.ഡി.ജി.പി., അന്വേഷണോദ്യോഗസ്ഥൻ ഉൾപ്പെടെയുള്ള ഉന്നതതല യോഗം വിളിച്ചുചേർത്തു. യോഗത്തിൽ ആവശ്യപ്പെട്ടത് പ്രകാരമാണ് വി.വി. ബെന്നി എ.ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് കേസിന്റെ കുറ്റപത്രം സമർപ്പിച്ചത്.

Tags:    

Similar News