മുതലപ്പൊഴി ഫിഷിങ് ഹാർബറിന് കേന്ദ്ര സർക്കാരിന്റെ അനുമതി; 177 കോടി അനുവദിച്ചെന്ന് മന്ത്രി

Update: 2024-10-27 10:18 GMT

മുതലപ്പൊഴി ഫിഷിങ് ഹാർബറിന് കേന്ദ്ര സർക്കാരിന്റെ അനുമതി. 177 കോടി രൂപ അനുവദിച്ചെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. 415 ബോട്ടുകൾ അടുപ്പിക്കാൻ കഴിയും. കാലാവസ്ഥാ വ്യതിയാനം നേരിടാൻ ആറു വില്ലേജുകൾക്ക് അഞ്ചുകോടി വീതം അനുവദിച്ചുവെന്നും മന്ത്രി അറിയിച്ചു.

പദ്ധതി ചെലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുക. 168 കോടി രൂപയുടെ പദ്ധതിയാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഹാർബറിന്റെ സുരക്ഷയും അടിസ്ഥാന സൗകര്യവികസനവും കൂടി ഉൾപ്പെടുത്തിയതോടെയാണ് പദ്ധതിച്ചെലവ് 177 കോടി രൂപ ആയത്.

മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ പഠിക്കാൻ പുണെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനെയാണ് (സിഡബ്ല്യുപിആർഎസ്) ചുമതലപ്പെടുത്തിയിരുന്നത്. ഇവർ ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹാർബർ എൻജിനീയറിങ് വകുപ്പാണ് വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കിയത്. പുതിയ വാർഫ്, ലേല സംവിധാനം, വാട്ടർ ടാങ്കുകൾ, റോഡ് നിർമാണം, പാർക്കിങ് ഏരിയ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്.

വാമനപുരം നദി അറബിക്കടലുമായി ചേരുന്ന മുതലപ്പൊഴിയിൽ തുടരെയുണ്ടാകുന്ന അപകടങ്ങളിൽ നിരവധി മത്സ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടമായതോടെയാണ് വിഷയം വിശദമായി പഠിക്കാൻ തീരുമാനിച്ചത്. തെക്കൻ പുലിമുട്ടിന്റെ നീളം കൂട്ടണമെന്നും പ്രവേശനകവാടം മാറ്റി സ്ഥാപിക്കണമെന്നും ഉൾപ്പെടെയുള്ള റിപ്പോർട്ടാണ് സർക്കാരിന് സിഡബ്ല്യുപിആർഎസ് സമർപ്പിച്ചിരുന്നത്.

Tags:    

Similar News