മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം; ഇടപെടില്ലെന്ന് ഹൈക്കമാന്റ്, സംസ്ഥാന നേതൃത്വം പരിഹാരം കണ്ടെത്തണം
ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് അനുവദിക്കുന്നതിൽ ഹൈക്കമാൻഡ് ഇടപെടില്ല. ഉത്തരവാദിത്തം കേരള നേതൃത്വത്തിനാണെന്നും തീരുമാനം കേരള നേതാക്കൾ എടുക്കട്ടെയെന്നും എഐസിസി വ്യക്തമാക്കി. മൂന്നാം സീറ്റ് വിഷയത്തിൽ കോൺഗ്രസുമായി മുസ്ലിം ലീഗ് ചർച്ച നടത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീഗിന് മൂന്നാം സീറ്റില്ലെന്നും പകരം രാജ്യസഭാ സീറ്റ് നൽകാമെന്നുള്ള നിലപാടിലാണ് കോൺഗ്രസ്.
എന്നാൽ സീറ്റില്ലെങ്കിൽ ലീഗ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചനകളും ഉയർന്നു. അതേസമയം ലീഗ് സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കും. പാണക്കാട്ട് നാളെ നിർണായക നേതൃയോഗം ചേരും. കോൺഗ്രസുമായുള്ള ചർച്ച പോസിറ്റീവാണെന്നായിരുന്നു മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. മൂന്നാം സീറ്റിന്റെ കാര്യത്തിൽ ലീഗിന് ഉറപ്പ് ലഭിച്ചോ എന്ന കാര്യത്തിൽ കുഞ്ഞാലിക്കുട്ടി വ്യക്തമായ ഉത്തരം നൽകിയില്ല. അഭ്യൂഹങ്ങൾ വേണ്ടെന്നും അന്തിമ തീരുമാനം ലീഗ് യോഗത്തിന് ശേഷം അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ആലുവ ഗസ്റ്റ് ഹൗസിലാണ് കോൺഗ്രസും ലീഗ് നേതാക്കളും ചർച്ച നടത്തിയത്. കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ്, പി എം എ സലാം, ഇ ടി മുഹമ്മദ് ബഷീർ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കാൻ എത്തിയത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, യുഡിഎഫ് കൺവീനർ എം.എം ഹസൻ എന്നിവർ കോൺഗ്രസിൽ നിന്നും ചർച്ചയിൽ പങ്കെടുത്തിരുന്നു.