ഏക സിവിൽ കോഡിനെതിരെ നടത്തുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം മുസ്ലിം ലീഗ് തള്ളിയേക്കും. സിപിഎമ്മിനോട് സഹകരിക്കുന്നതിൽ ലീഗിൽ അഭിപ്രായ ഭിന്നതയുണ്ട്. കോൺഗ്രസിനെ ഒഴിവാക്കി ലീഗിനെ മാത്രം ക്ഷണിച്ച് ദുരുദ്ദേശ്യപരമെന്ന് ഒരുവിഭാഗം ആരോപിച്ചു. എന്നാൽ ചർച്ച ചെയ്തശേഷം മതി തീരുമാനമെന്നാണ് മറുവിഭാഗത്തിന്റെ വാദം.
ഇതോടെ അന്തിമ തീരുമാനം ഇന്നു ചേരുന്ന ലീഗ് നേതൃയോഗത്തിൽ സ്വീകരിക്കും. രാവിലെ 9.30നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലാണു യോഗം. ജൂലൈ 15നാണു സിപിഎം സെമിനാർ ആരംഭിക്കുക. കോഴിക്കോട്ടാണ് ആദ്യ സെമിനാർ. ലീഗിനുള്ള സിപിഎം ക്ഷണത്തിനെതിരെ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷ വോട്ടിൽ കണ്ണുവച്ചാണു സിപിഎം ക്ഷണമെന്നാണു കോൺഗ്രസ് വാദം. ഇതേ സമയം ഏക സിവിൽ കോഡിനെതിരെ സിപിഎമ്മുമായി സഹകരിക്കുമെന്നു വ്യക്തമാക്കി സമസ്ത രംഗത്തെത്തി.