ചവിട്ടി പുറത്താക്കിയാലും താനിനി കോൺഗ്രസ് വിടില്ലെന്ന് കെ മുരളീധരൻ. കെ കരുണാകരന് ഇനിയൊരു ചീത്തപ്പേര് ഉണ്ടാക്കില്ല. തൃശ്ശൂർ തോൽവി ചർച്ച ചെയ്യണ്ട എന്ന് കരുതിയാണ് വയനാട് ക്യാമ്പിൽ പങ്കെടുക്കാതിരുന്നത്. ടി.എൻ.പ്രതാപനും ഷാനി മോൾ ഉസ്മാനും വയനാട് ക്യാമ്പിൽ തനിക്ക് എതിരെ ഒരു വിമർശനവും ഉന്നയിച്ചിട്ടില്ലെന്ന് അവർ തന്നെ രാവിലെ ഫോണിൽ വിളിച്ച് അറിയിച്ചിട്ടുണ്ട്. വയനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പ്രചാരണത്തിൽ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾക്ക് ചുമതല നൽകിയത് സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. കെ സുധാകരന് കണ്ണൂരും ചെന്നിത്തലയ്ക്ക് കോഴിക്കോടും നൽകിയത് നല്ല തീരുമാനം. ഓരോയിടത്തും നേതാക്കൾ കേന്ദ്രീകരിച്ച് തന്നെ പ്രവർത്തിക്കണം. അല്ലാതെ ഓടിനടന്ന് പ്രസംഗിച്ചാലൊന്നും പാർട്ടി നന്നാവില്ല. തന്റെ വോട്ട് തിരുവനന്തപുരത്താണ്. അവിടെ പി.സി.വിഷ്ണുനാഥിനെ സഹായിക്കും. ഇങ്ങനെയാണ് കാര്യങ്ങൾ ചെയ്യേണ്ടതെന്നും മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റ് പാലോട് രവിക്കെതിരെ പോസ്റ്റര്‍ ഒടിച്ചതിന് പിന്നിൽ ഇരുട്ടത്തിരുന്ന് പോസ്റ്റർ ഒട്ടിക്കുന്നവരാണെന്നും അത്തരക്കാരെ പാർട്ടിയിൽ നിന്ന് ചവിട്ടി പുറത്താക്കണമെന്നും പറഞ്ഞ കെ മുരളീധരൻ, തിരുവനന്തപുരം ഡിസിസി യോഗത്തിൽ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും പറഞ്ഞു.