മുണ്ടക്കൈ ദുരന്തം: മൂന്നാം ദിനവും ദൗത്യം തുടങ്ങി; പരസ്പരം പഴിചാരി കേന്ദ്രവും സംസ്ഥാനവും

Update: 2024-08-01 02:10 GMT

വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നാം ദിനവും ദൗത്യം തുടങ്ങി. രക്ഷാപ്രവർത്തനത്തിനായി സൈന്യം പുറപ്പെട്ടു.


മുണ്ടക്കൈ ഭാഗത്തേക്കാണ് സൈന്യം നടന്ന് നീങ്ങുന്നത്. ഇവർക്കൊപ്പം ഡോഗ് സ്ക്വാഡും ഉണ്ട്. രാത്രിയില്‍ നിർത്തിവെച്ച രക്ഷാപ്രവർത്തനമാണ് ഇന്ന് രാവിലെയോടെ വീണ്ടും ആരംഭിച്ചത്. അതിരാവിലെ തന്നെ ഉരുള്‍പൊട്ടലില്‍ കാണാതാവർക്കുവേണ്ടിയുള്ള രക്ഷാദൗത്യം തുടരുകയാണ്. 


അതേസമയം മുണ്ടക്കൈ ദുരന്തത്തില്‍ മുന്നറിയിപ്പുകളെ ചൊല്ലി തർക്കം മുറുകുകയാണ്. കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ ഇത്ര കടുത്ത ആഘാതം ഉണ്ടാകാനുള്ള സാധ്യത അറിയിച്ചില്ലെന്നാണ് സംസ്ഥാനത്തിന്റെ വാദം. മുൻ അനുഭവങ്ങള്‍ ഉണ്ടായിട്ടും പ്രാദേശിക മുന്നറിയിപ്പുകളും അവഗണിക്കപ്പെട്ടെന്ന വിമർശനവും ഉയരുന്നുണ്ട്.


മുണ്ടക്കൈ ദുരന്തത്തില്‍ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പഴിചാരലുകള്‍ക്കിടയിലാണ് മുന്നറിയിപ്പുകളെ 

ചൊല്ലിയുള്ള ചർച്ചകളും സജീവമാകുന്നത്. ഓരോ മഴ മുന്നറിയിപ്പുകളും അനുസരിച്ച്‌ ഓറഞ്ച് ബുക്ക് പ്രകാരമുള്ള

നടപടി. ഓറഞ്ച് അലർട്ട് എന്നാല്‍ അതീവ ജാഗ്രത എന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ 

ഓറഞ്ച് ബുക്കില്‍ പറയുന്നത്. എല്ലാവിധ സുരക്ഷാ മുന്നൊരുക്കങ്ങളും തുടങ്ങണം. ആളുകളെ മാറ്റിത്താമസിപ്പിക്കണം. രക്ഷാ സൈന്യങ്ങളോട് തയാറാകാൻ ആവശ്യപ്പെടണം. ക്യാമ്പുകള്‍ സജ്ജമാക്കണം.


2018ലെ പ്രളയത്തിന് ശേഷമാണ് ഓറഞ്ച് ബുക്ക് പ്രകാരമുള്ള നടപടിക്രമങ്ങള്‍ സംസ്ഥാനം പിന്തുടരുന്നത്. 29ന് ഉച്ചയ്ക്കാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വയനാട്ടില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. അന്നത്തെ ഐഎംഡി ബുള്ളറ്റിനില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയും പറയുന്നുണ്ട്. ദുരന്തം ഉണ്ടായ പ്രദേശത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് മഴ മാപിനി ഇല്ല. എന്നാല്‍ തൊട്ടടുത്ത മഴ മാപിനികളില്‍ തുടർച്ചയായി ശക്തമായ മഴ രേഖപ്പെടുത്തിയത് കണക്കിലെടുത്താണ് ജാഗ്രത നിർദ്ദേശം നല്‍കിയത് എന്നാണ് ഐഎംഡി വിശദീകരിക്കുന്നത്. എന്നാല്‍ ഈ മുന്നറിയിപ്പുകള്‍ പര്യാപ്തമല്ല എന്ന വാദമാണ് സർക്കാരിന്റേത്. ഇത്ര കടുത്ത മഴയ്ക്കും, ആഘാതത്തിനുമുള്ള സാധ്യത മുന്നറിയിപ്പുകളില്‍ ഉണ്ടായിരുന്നില്ലെന്നാണ് സർക്കാർ വാദം.

Tags:    

Similar News