'അ‍ഞ്ച് മിനിറ്റിൽ പരിഹരിക്കാവുന്ന പ്രശ്നമല്ല'; മുനമ്പത്ത് റീസർവെ ചിലരുടെ ഭാവനാസൃ‌ഷ്‌ടിയെന്ന് മന്ത്രി പി രാജീവ്

Update: 2024-11-18 07:14 GMT

മുനമ്പത്ത് റീസർവെ നടത്തുമെന്നത് ചിലരുടെ ഭാവനാസൃ‌ഷ്‌ടിയാണെന്ന് മന്ത്രി പി രാജീവ്. അഞ്ച് മിനിറ്റ് കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണ് മുനമ്പത്തേതെന്ന് പറയുന്നവർക്ക് വിഷയം വ്യക്തമായി അറിയില്ല. ഇവിടെ ശാശ്വത പരിഹാരത്തിനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.

ചർച്ചക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ പരിഹാരത്തിലേക്ക് പോകാനാവൂ. മുനമ്പത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കില്ല. വിഷയത്തിൽ മുസ്‌ലിം ലീഗ് നിലപാട് മാറ്റിയതിൽ സന്തോഷമുണ്ട്. മുനമ്പത്ത് താത്കാലിക രാഷ്ട്രീയ നേട്ടമല്ല വേണ്ടതെന്നും അദ്ദേഹം എറണാകുളത്ത് മാധ്യമപ്രവ‍ർത്തകരോട് പറഞ്ഞു.

മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ പ്രദേശവാസികളുടെ റിലേ നിരാഹാര സമരം 37ാം ദിവസത്തിലേക്ക് കടന്നു. പ്രദേശത്തെ 610 കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കും വരെ സമരം തുടരാനാണ് ഭൂസംരക്ഷണ സമിതിയുടെ തീരുമാനം.

സമരത്തിന് പിന്തുണയുമായി വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ടിന്റെ ആഭിമുഖ്യത്തിൽ ബിഷപ്പുമാർ സമരപ്പന്തൽ സന്ദർശിക്കും. വഖഫ് നിയമം ഭേദഗതി ചെയ്യണമെന്നാണ് മുനമ്പം ഭൂസംരക്ഷണ സമിതിയുടെ ആവശ്യം.

Tags:    

Similar News