എംആർ അജിത് കുമാറിനെ മാറ്റും; ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായി വെങ്കിടേഷും ബൽറാം കുമാർ ഉപാധ്യായയും പരിഗണനയിലെന്ന് റിപ്പോർട്ട്

Update: 2024-09-02 07:35 GMT

പി വി അൻവറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്നും എം ആർ അജിത് കുമാറിനെ മാറ്റാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. പകരം ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായി ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനെ നിയമിക്കുന്നതാണ് പരിഗണനയിലുള്ളത്. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയെയും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

എംആർ അജിത് കുമാറിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ, സീനിയർ ഡിജിപിമാരായ എ പത്മകുമാർ, യോഗേഷ് ഗുപ്ത എന്നിവരിലാരുടെയെങ്കിലും നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് കഴിഞ്ഞാൽ പൊലീസ് സേനയിൽ രണ്ടാമത് പത്മകുമാറാണ്. യോഗേഷ് ഗുപ്ത വിജിലൻസ് ഡയറക്ടറാണ്. എംആർ അജിത് കുമാറിന്റെ പ്രവർത്തനങ്ങളിൽ ഡിജിപി ദർവേഷ് സാഹിബും സമീപകാലത്ത് കടുത്ത അതൃപ്തിയിലായിരുന്നു.

അടുത്തിടെ ഡിജിപി അജിത് കുമാറിനെ നേരിട്ട് വിളിച്ചു വരുത്തി ശാസിക്കുന്ന സംഭവങ്ങളുമുണ്ടായിരുന്നു. അജിത് കുമാർ നൊട്ടോറിയസ് ക്രിമിനലാണെന്നും, സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും, കൊലയാളി സംഘങ്ങളുമായി ബന്ധമുണ്ടെന്നും പിവി അൻവർ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ അറിവോടെയാണോ അജിത് കുമാർ പ്രവർത്തിക്കുന്നതെന്ന സംശയമുണ്ടെന്നും അൻവർ കുറ്റപ്പെടുത്തിയിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാവിലെ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags:    

Similar News