രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നീക്കം; പരാതികൾ പാർട്ടി ഫോറത്തിൽ ഉന്നയിച്ചാൽ മതിയെന്ന് നേതാക്കൾ
പുതുപ്പള്ളി ഫലത്തിന് ശേഷം സംഘടനാ പ്രശ്നങ്ങളിൽ പരസ്യ പ്രതികരണം നടത്താൻ ഒരുങ്ങുന്ന മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നീക്കവുമായി നേതാക്കൾ. പരസ്യപ്രതികരണം പാടില്ലെന്നും പരാതി പാർട്ടി ഫോറത്തിൽ മാത്രം ഉന്നയിച്ചാൽ മതിയെന്നുമാണ് ഐ ഗ്രൂപ്പ് നേതാക്കൾ രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സിഡബ്ള്യുസി പട്ടികയിലെ അമർഷം പുറത്ത് പറയാൻ പുതുപ്പള്ളി ഫലം വരാൻ മാറ്റിവെക്കുകയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള അസംതൃപ്തർ. എട്ടിന് ശേഷം പൊട്ടിത്തെറി പ്രതീക്ഷിച്ചിരിക്കെ അനുനയ നീക്കങ്ങളാണ് ഇപ്പോൾ സജീവമായി നടക്കുന്നത്. തന്നെ തഴഞ്ഞ് തരൂരിനെ സ്ഥിരം അംഗമാക്കിയതിൽ കടുത്ത അതൃപ്തിയാണ് രമേശ് ചെന്നിത്തലക്കുള്ളത്. അമർഷം ഉള്ളിലൊതുക്കി പുതുപ്പള്ളിയിൽ സജീവമായ രമേശിനോട് ഇനി വെടിപൊട്ടിക്കരുതെന്നാണ് ഒപ്പമുള്ളവർ ആവശ്യപ്പെടുന്നത്.
പരസ്യപ്രതികരണം ഒഴിവാക്കാൻ ഐ ഗ്രൂപ്പ് ചെലുത്തുന്നത് കടുത്ത സമ്മർദ്ദമാണ്. പുതുപ്പള്ളിയിൽ ചാണ്ടിക്ക് വലിയ ജയമാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. ജയം ഉണ്ടാക്കുന്ന ആഹ്ലാദ അന്തരീക്ഷത്തിൽ പോരിനിറങ്ങിയാൽ നെഗറ്റീവാകുമെന്ന സന്ദേശം സഹപ്രവർത്തകർ രമേശിനെ അറിയിച്ചു. പക്ഷെ കാത്തിരിക്കാൻ മാധ്യമങ്ങളോട് പറഞ്ഞതും പരാതി എങ്ങനെ ഉന്നയിക്കുമെന്നതും പ്രശ്നമാണ്. അതൃപ്തി തൽക്കാലം പാർട്ടി ഫോറങ്ങളിൽ ഉന്നയിക്കുക അല്ലെങ്കിൽ എഐസിസി നേതൃത്വത്തെ നേരിട്ട് കണ്ട് പറയുക എന്നീ ബദൽ നിർദ്ദേശമാണ് ചെന്നിത്തലക്ക് മുന്നിൽ ഗ്രൂപ്പ് നേതാക്കൾ വച്ചത്.
യുദ്ധത്തിനിറങ്ങണോ എന്നതിൽ ചെന്നിത്തലയ്ക്കും ഇപ്പോൾ രണ്ടഭിപ്രായമാണ്. പുതുപ്പള്ളി ഫലം കഴിഞ്ഞ് തനിക്ക് പറയാനുള്ളത് പറയാൻ കാത്തിരിക്കുകയാണ് കെ മുരളീധരനും. പുതുപ്പള്ളിക്ക് ശേഷം പാർട്ടി നേരെ ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കാണിറങ്ങുന്നത്. ഏത് സമയവും തെരഞ്ഞെടുപ്പ് വരാനിരിക്കെ ഇനിയൊരു പരസ്യപ്പോര് ഗുണം ചെയ്യില്ലെന്ന പൊതുവിലയിരുത്തലാണ് അസംതൃപ്തരായ നേതാക്കളോട് അടുപ്പമുള്ളവർ പറയുന്നത്. അസംതൃപ്തരെ പരസ്യപ്രതികരണത്തിൽ നിന്നും പിന്നോട്ടടിപ്പിക്കുന്ന പുതുപ്പള്ളി മാർജിനാണ് കെപിസിസി നേതൃത്വത്തിൻറെയും കണക്ക് കൂട്ടൽ.