പുരാവസ്തു തട്ടിപ്പുകേസ്; കെ. സുധാകരൻ രണ്ടാം പ്രതി, കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്
മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസിൽ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ രണ്ടാംപ്രതി. ക്രൈംബ്രാഞ്ച്, എറണാകുളം എസിജെഎം കോടതിയിൽ ആണ് കുറ്റപത്രം സമർപ്പിച്ചത്. മൂന്നാം പ്രതി മുൻ കോൺഗ്രസ് നേതാവ് എബിൻ എബ്രഹാം ആണ്.
മോൺസൺ മാവുങ്കൽ വ്യാജ ഡോക്ടറാണെന്ന് അറിയാമായിരുന്നിട്ടും കെ സുധാകരൻ ഇത് മറച്ചുവയ്ക്കാൻ ശ്രമിച്ചു, മോൺസൻറെ വീട്ടിലുണ്ടായിരുന്ന വ്യാജ പുരാവസ്തുക്കൾ യഥാർത്ഥത്തിലുള്ളതാണെന്ന നിലയിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണത്തിന് കൂട്ടുനിന്നു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ചുമത്തപ്പെട്ടിട്ടുള്ളത്.വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തി 420, 120 ബി പ്രകാരം ഉള്ള വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്.
പരാതിക്കാർ മോൻസൺ മാവുങ്കലിന് 25 ലക്ഷം രൂപ നൽകിയെന്നും അതിൽ 10 ലക്ഷം സുധാകരന് കൈമാറിയെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി സുധാകരനെ ചോദ്യംചെയ്തിരുന്നു. കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശക്തമായിപ്രതികരിച്ചു. പൊലീസ് പ്രതിപക്ഷത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. സുധാകരനെയും അറസ്റ്റ് ചെയ്യാനുള്ള നീക്കമാണെന്നും നിയമപരമായി നേരിടുമെന്നും വിഡി സതീശൻ പറഞ്ഞു.