നിപ്പക്കായുള്ള മോണോക്ലോൺ ആന്റിബോഡി സംസ്ഥാനത്ത് എത്തിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. മുപ്പതിന് മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കത്തിലുള്ള എല്ലാവരുടെയും പരിശോധന ഉറപ്പാക്കുമെന്ന് വീണാ ജോർജ്ജ് പറഞ്ഞു. നിപ പൊസിറ്റീവ് റിപ്പോർട്ട് ചെയ്ത ആശുപത്രികളിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
നിപ പരിശോധനയ്ക്ക് കൂടുതൽ സംവിധാനങ്ങൾ കൊണ്ടുവരും. രാജീവ് ഗാന്ധി ബയോടെക്‌നോളജി സജ്ജീകരിച്ച മൊബൈൽ വൈറോളജി ലാബ് നേരെ കോഴിക്കോട്ടേക്ക് പോകും. BSL ലെവൽ 2 ലാബുകളാണ് കോഴിക്കോട്ടേക്ക് എത്തിക്കുന്നത്. നിപയുമായി ബന്ധപ്പെട്ട് കേന്ദ്ര എക്‌സ്‌പേർട്ട് കമ്മിറ്റിയുമായി ചർച്ച നടത്തുകയാണെന്നും മന്ത്രി അറിയിച്ചു. അതേസമയം, നിപ ജാഗ്രത മുൻകരുതലിൻറെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറ്റന്നാളും (16-9-23) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) അവധി ബാധകമായിരിക്കും. ജില്ലയിൽ നേരത്തെ ഇന്നും നാളെയുമാണ് (14.09.2023, 15.09.2023) അവധി പ്രഖ്യാപിച്ചിരുന്നത്. ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്ക്കാലികമായി നിർത്തിവയ്ക്കുവാനും ജില്ലാ കളക്ടർ എ ഗീത ഉത്തരവിട്ടിട്ടുണ്ട്.