'മുണ്ടക്കെെയ്ക്കായി വിശ്വശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപ നൽകും, വെള്ളാർമല സ്കൂൾ പുനര്‍നിര്‍മിക്കും'; മോഹൻലാൽ

Update: 2024-08-03 06:50 GMT

രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമാണ് മുണ്ടക്കെെയിൽ ഉണ്ടായതെന്ന് നടൻ മോഹൻലാൽ. വയനാട്ടിലെ ദുരന്തമേഖല സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്ത മേഖലയിലെ പുനരുദ്ധാരണത്തിനായി താനും കൂടി ഭാഗമായ വിശ്വശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപ നൽകുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ വെള്ളാർമല സ്കൂൾ വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് കൂടി സംഭാവന നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ചൂരൽമലയിൽ നിന്ന് പുഞ്ചിരിമട്ടം വരെ അദ്ദേഹം സന്ദർശിച്ചു. ഇതിന് മുൻപും ഈ പ്രദേശത്ത് എത്തിയിട്ടുണ്ടെന്ന് മോഹൻലാൽ പറഞ്ഞു.

'നിമിഷ നേരം കൊണ്ടാണ് പലർക്കും വീടും ബന്ധുക്കളെയും നഷ്ടമായത്. നമ്മൾ എല്ലാവരും ഒരുമിച്ച് ചേർന്ന് അവരെ സഹായിക്കുന്നുവെന്നത് വലിയ കാര്യമാണ്. താൻ കൂടി അടങ്ങുന്ന മദ്രാസ് 122 ബറ്റാലിയനാണ് ദുരന്തമുഖത്ത് ആദ്യം എത്തിയത്. കഴിഞ്ഞ 16 വർഷമായി താൻ ഈ സംഘത്തിലെ അംഗമാണ്. അവരടക്കമുള്ള രക്ഷാപ്രവർത്തനം നടത്തുന്നവരെ നേരിട്ട് കാണാനും നന്ദി പറയാനുമാണ് ഞാൻ എത്തിയത്. ബെയ്ലി പാലം തന്നെ വലിയ അദ്ഭുതമാണ്',​- മോഹൻലാൽ കൂട്ടിച്ചേർത്തു. ടെറിട്ടോറിയൽ ആർമി ലഫ്. കേണലായ മോഹൻലാൽ സൈനിക യൂണിഫോമിൽ മേജർ രവിക്കൊപ്പമാണ് എത്തിയത്. സൈനിക ക്യാംപിലേക്കാണ് ആദ്യമെത്തിയത്. ദുരിതാശ്വാസ ക്യാമ്പുകൾ അദ്ദേഹം സന്ദർശിച്ചേക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ മോഹൻലാൽ 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. വയനാടിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് പറഞ്ഞുകൊണ്ടുള്ള കുറിപ്പും അദ്ദേഹം പങ്കുവച്ചിരുന്നു. കൂടാതെ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവരെ അഭിനന്ദിക്കുകയും ചെയ്തു.

Tags:    

Similar News