വയനാട്ടിലെ ദുരന്തഭൂമിയിൽ പ്രധാനമന്ത്രി; ഹെലികോപ്ടറിൽ ആകാശനിരീക്ഷണം നടത്തി

Update: 2024-08-10 07:32 GMT

വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കൽപ്പറ്റയിൽ നിന്ന് റോഡ് മാർഗം ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിലേക്ക് പുറപ്പെട്ടു. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിൽ ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ,ചൂരൽമല, പുഞ്ചിരിമട്ടം മേഖലയിൽ ആകാശ നിരീക്ഷണം നടത്തി. ഇതിനുശേഷമാണ് കൽപറ്റയിൽ നിന്നും ചൂരൽമലയിലേക്ക് പുറപ്പെട്ടത്.

പ്രധാനമന്ത്രിക്കൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി തുടങ്ങിയവരുമുണ്ട്. ആകാശ നിരീക്ഷണം പൂർത്തിയാക്കിയശേഷം ഉച്ചയ്ക്ക് 12.15ഓടെയാണ് കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ ഹെലികോപ്ടർ ഇറങ്ങിയത്. രണ്ടു ഹെലികോപ്ടറുകളാണ് കൽപ്പറ്റയിലെ ഹെലിപാഡിലിറങ്ങിയത്. തുടർന്ന് 12.25ഓടെയാണ് റോഡ് മാർഗം കൽപ്പറ്റയിൽ നിന്ന് ചൂരൽമലയിലേക്ക് പുറപ്പെട്ടത്. കൽപറ്റയിൽ നിന്ന് മേപ്പാടി വഴി 18 കിലോമീറ്ററാണ് ചൂരൽമലയിലേക്കുള്ളത്. വൈകിട്ട് മൂന്നു മണി വരെ പ്രധാനമന്ത്രി ദുരന്തമേഖലയിൽ തുടരും.

ഇവിടെ നിന്നും നിന്ന് റോഡ് മാർഗം ചൂരൽമലയിലേ ദുരന്തഭൂമിയിലെത്തും. ക്യാംപിൽ കഴിയുന്നവരെ മോദി നേരിൽ കണ്ട് സംസാരിക്കും. ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇന്ന് രാവിലെ 11 മണിയോടെയാണ് മോദി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയും മോദിക്കൊപ്പമുണ്ടായിരുന്നു. രണ്ട് ഹെലികോപ്റ്ററിലായിട്ടാണ് വയനാട്ടിലെ ദുരന്തബാധിത മേഖലയിലേക്ക് പുറപ്പെട്ടത്.

Tags:    

Similar News