സ്വവർഗ വിവാഹം; സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു

Update: 2023-10-17 09:58 GMT

സ്വവർഗ വിവാഹത്തെ ആധുനിക സമൂഹം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. വിവാഹം എന്ന ആശയം കാലാനുസൃതമായി പരിഷ്കരിക്കപ്പെട്ടിട്ടുണ്ടെന്നും വിവാഹവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞ ആശയം വളരെ പ്രസക്തമാണെന്നും മന്ത്രി ആർ ബിന്ദു അഭിപ്രായപ്പെട്ടു.

സ്വവർഗ വിവാഹത്തിന് അംഗീകാരം കൊടുക്കാൻ വിസമ്മതിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയെക്കുറിച്ചായിരുന്നു മന്ത്രിയുടെ ഈ പരാമർശം. വിധിയിൽ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് നടത്തിയ നരീക്ഷണങ്ങൾ സ്വാഗതാർഹമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സ്‌പെഷൽ മാര്യേജ് ആക്റ്റ് പ്രകാരം സ്വവർഗ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുവാദം തേടി സമർപ്പിക്കപ്പെട്ട ഹർജികൾ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ നേരത്തെ തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധുത നൽകണമെന്ന് വിധി പറഞ്ഞെങ്കിലും  ബെഞ്ചിലെ മറ്റു മൂന്നു ജഡ്ജിമാരായ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ഹിമ കോലി, പിഎസ് നരസിംഹ എന്നിവർ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനോട് വിയോജിക്കുകയായിരുന്നു. പങ്കാളിയെ തെരഞ്ഞെടുക്കാൻ വ്യക്തിക്ക് അവകാശം ഉണ്ടെങ്കിലും അതിന് നിയമസാധുത നൽകാനാവില്ലെന്നും സ്വവർഗവിവാഹങ്ങൾ അംഗീകരിച്ചുകൊണ്ട് പ്രത്യേക വിവാഹ നിയമത്തിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സ്വവർ​​ഗ വിവാ​ഹം ന​ഗരകേന്ദ്രീകൃതമല്ലെന്നും വരേണ്യ നിലപാടല്ലെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സ്വവർഗ വിവാഹത്തെക്കുറിച്ച് അറിയിച്ച നിലപാടിന് കടകവിരുദ്ധമായിരുന്നു ചീഫ് ജസ്റ്റിസ് നിരീക്ഷണമെന്നതാണ് ശ്രദ്ധേയം. ഹർജിയിൽ നാല് ഭിന്നവിധികളാണുള്ളതെന്ന് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. സ്വവർഗാനുരാഗികൾക്ക് വേണ്ടി പ്രത്യേക വിവാഹ നിയമം മാറ്റാനാവില്ലെന്നും ഇവർക്ക് കുട്ടികളെ ദത്തെടുക്കാനുള്ള അവകാശം നൽകാനാവില്ലെന്നുമാണ് ഭൂരിപക്ഷ വിധി. എന്നാൽ ഇവർക്ക് സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്നും സ്വവർഗ്ഗ പങ്കാളികൾക്ക് ഭീഷണിയില്ലാതെ ഒന്നിച്ച് ജീവിക്കാൻ കഴിയണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Tags:    

Similar News