എം എം ലോറൻസിൻറെ മൃതദേഹം വൈദ്യ പഠനത്തിന്; കളമശേരി മെഡി. കോളേജ് ഉപദേശക സമിതിയുടെ തീരുമാനം

Update: 2024-09-26 01:03 GMT

അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകും. കേരള അനാട്ടമി ആക്ട് പ്രകാരമാണ് കളമശേരി മെഡിക്കൽ കോളേജ് ഉപദേശക സമിതിയുടെ തീരുമാനം. എംഎം ലോറൻസിന്റെ ആഗ്രഹം അത് തന്നെ ആയിരുന്നുവെന്ന് കൃത്യവും വ്യക്തവും വിശ്വാസ യോഗ്യവുമായ സാക്ഷി മൊഴി ഉണ്ടായിരുന്നുവെന്ന് കളമശേരി മെഡിക്കൽ കോളേജ് ഉപദേശക സമിതി വിലയിരുത്തി.

എം എം ലോറൻസിന്റെ മക്കളുടെ വാദങ്ങൾ വിസ്തരിച്ച് കേട്ടു. വൈദ്യ പഠനത്തിന് വിട്ടു കൊടുക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹമെന്ന് മകൻ സജീവൻ ആവർത്തിച്ചു. അത് അംഗീകരിച്ച രണ്ട് സാക്ഷി മൊഴികളുമുണ്ട്. മകൾ സുജാത കൃത്യമായി നിലപാട് എടുത്തില്ല. അതേസമയം,, എം എം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകരുതെന്ന് മകൾ ആശ എതിർപ്പ് ആവർത്തിച്ചു. സാക്ഷികളായ അഡ്വ. അരുൺ ആന്റണിയും എബിയും മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകണം എന്നായിരുന്നു ലോറൻസിൻറെ ആഗ്രഹമെന്നാണ് ഉപദേശക സമിതിയെ അറിയിച്ചത്. മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ തുടങ്ങുമെന്നും കളമശേരി മെഡിക്കൽ കോളേജ് ഉപദേശക സമിതി കൂട്ടിച്ചേർത്തു.

ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് പഠന ആവശ്യങ്ങൾക്ക് കൈമാറരുതെന്നും മൃതദേഹം ആശുപത്രിക്ക് കൈമാറാൻ ലോറൻസ് പറഞ്ഞിരുന്നില്ലെന്നും വാദിച്ചാണ് മകൾ ആശയുടെ ഹൈക്കോടതിയിൽ ഹർജിയിൽ നൽകിയത്.

Tags:    

Similar News