പാര്‍ട്ടിയില്‍ ഗൗരവ പ്രശ്നമുണ്ട്; ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയില്ല: എം.എം.ഹസന്‍
പുനഃസംഘടനാ വിഷയത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനുമായുള്ള ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍. അതിനാലാണ് കോൺഗ്രസ് ഹൈക്കമാന്‍ഡിനെ കാണുന്നത്. ഹൈക്കമാന്‍ഡിനെ കാണാനുള്ള നീക്കം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെയോ സുധാകരനെതിരെയോ അല്ല. പാര്‍ട്ടിയില്‍ ഗൗരവ പ്രശ്നമുണ്ടെന്നും ഹസന്‍ പറഞ്ഞു.
''ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയില്ലാത്തതിനാൽ ഈ കാര്യങ്ങൾ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപെടുത്താൻ തീരുമാനിച്ചു. പരസ്പര വിശ്വാസം നഷ്ടപ്പെട്ടതിന്റെ ഫലമായി ഐക്യത്തിന് മങ്ങലേറ്റു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 സീറ്റും ജയിക്കണമെന്നു നിർബന്ധമുണ്ട്. അതിന് പാര്‍ട്ടിക്ക് ഏറ്റവും ആവശ്യമായിട്ടുള്ളത് ഐക്യമാണ്. പാർട്ടിയുടെ പ്രസിഡന്റ് പാർട്ടിയെ നയിക്കുന്നു. പാർലമെന്ററി പാർട്ടി ലീഡർ പാർലമെന്ററി പാർട്ടിയെ നയിക്കുന്നു. അവരാണ് പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കൾ. ഐക്യത്തോടെ പ്രവർത്തിച്ചാൽ നൂറു ശതമാനം വിജയനം നേടാൻ കഴിയും'' – ഹസൻ വ്യക്തമാക്കി.