തദ്ദേശ മന്ത്രി വിദേശ വിനോദയാത്രയിൽ; 'മഴക്കെടുതിയിൽ ആളുകൾ മരിക്കുമ്പോഴും സർക്കാർ ഇടപെടുന്നില്ല': എംഎം ഹസ്സൻ
ബാർ കോഴ വിഷയത്തിൽ യുഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയിൽ പ്രക്ഷോഭം തുടങ്ങുമെന്നും എംഎം ഹസ്സൻ പറഞ്ഞു.
സഭ തുടങ്ങിയ ശേഷം പ്രതിഷേധ മാർച്ച് നടത്തും. ക്രൈം ബ്രാഞ്ച് അന്വേഷണമല്ല യുഡിഎഫ് ആവശ്യപ്പെട്ടതെന്നും എംഎം ഹസ്സൻ പറഞ്ഞു. ശശിതരൂരിൻ്റെ പിഎയിൽ നിന്നും സ്വർണം പിടിച്ചതിനെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ലീഗ് പ്രക്ഷോഭം തുടങ്ങിയതിനെ ഒട്ടപ്പെട്ടതായി കാണേണ്ട. യുഡിഎഫിൻ്റെ പൂർണ്ണ പിന്തുണയുണ്ട്. ഓരോ ഘടകകക്ഷികളും ഓരോ വിഷയത്തിൽ സമരങ്ങൾ നടത്താറുണ്ട്. മലബാറിലെ പ്രമുഖകക്ഷി ലീഗ് ആയതിനാലാണ് അവർ തന്നെ മുന്നിട്ടിറങ്ങിയത്.
മഴക്കാല പൂർവ്വ ശുചീകരണ മുന്നൊരുക്കങ്ങളിൽ സർക്കാരിന് വലിയ പാളിച്ചയുണ്ടായി. മഴക്കെടുതിയിൽ ആളുകൾ മരിക്കുമ്പോഴും സർക്കാർ കാര്യമായി ഇടപെടുന്നില്ല. ഏകോപനം നടത്തേണ്ട തദ്ദേശസ്വയം ഭരണമന്ത്രി വിദേശ വിനോദയാത്രയിലാണ്. കോവിഡ് കാലത്ത് എന്നും മാധ്യമങ്ങളെ കണ്ടിരുന്ന മുഖ്യമന്ത്രി ഇപ്പോൾ ഒളിച്ചോടുകയാണെന്നും എംഎം ഹസ്സൻ കൂട്ടിച്ചേർത്തു.