ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രിയെയും 18 മന്ത്രിമാരെയും എതിര്‍ കക്ഷികളാക്കി ഫയല്‍ ചെയ്ത ഹർജിയില്‍ ലോകായുക്ത ഇന്ന് രണ്ടരക്ക് വിധിപറയും.
2018 ലാണ് ഹർജി ഫയല്‍ ചെയ്തത്. ഡിവിഷൻ ബെഞ്ച് വാദം പൂര്‍ത്തിയാക്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെതിരെ ഹരജിക്കാരനായ ആര്‍.എസ്. ശശികുമാര്‍ ഹൈകോടതിയെ സമീപിച്ചിരുന്നു.
ഹൈകോടതി നിര്‍ദേശപ്രകാരം വീണ്ടും കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ച് അഭിപ്രായഭിന്നതയെ തുടര്‍ന്ന് തീരുമാനം മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു.
ഹർജിയില്‍ വാദം കേട്ട രണ്ട് ഉപലോകായുക്തമാര്‍ ദുരിതാശ്വാസനിധി ദുര്‍വിനിയോഗ പരാതിയിലുള്‍പ്പെട്ട ചെങ്ങന്നൂര്‍ മുൻ എം.എല്‍.എ പരേതനായ രാമചന്ദ്രൻ നായരുടെ ജീവചരിത്രം പ്രകാശനം ചെയ്യുകയും അദ്ദേഹത്തെക്കുറിച്ച് ഓര്‍മക്കുറിപ്പ് എഴുതുകയും ചെയ്തത് വിവാദമായിരുന്നു.
ഇവരില്‍നിന്ന് നിഷ്പക്ഷ വിധി പ്രതീക്ഷിക്കാനാവില്ലെന്നും അതുകൊണ്ട് വിധി പറയുന്നതില്‍നിന്ന് ഒഴിയണമെന്നും ആവശ്യപ്പെട്ട് ഹർജിക്കാരൻ രണ്ടുമാസം മുമ്പ് സമര്‍പ്പിച്ച ഇടക്കാല ഹർജിയും തിങ്കളാഴ്ച പരിഗണിക്കും. രജിസ്ട്രി, നമ്പര്‍ നല്‍കാതെയാണ് പരാതി ലിസ്റ്റില്‍പെടുത്തിയിട്ടുള്ളത്.