പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല; ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി

Update: 2023-06-01 03:42 GMT

മഴക്കാലം കണക്കിലെടുത്ത് സംസ്ഥാനത്തെ ആശുപത്രികളിൽ നാളെ മുതൽ പ്രത്യേക പനി ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്. താലൂക്ക് ആശുപത്രികൾ മുതലായിരിക്കും പനി ക്ലിനിക്കുകൾ ആരംഭിക്കുക. പനി വാർഡുകളും ആരംഭിക്കും. ഇന്നും നാളെയുമായി മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കും. എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരും ഇവ ഉറപ്പ് വരുത്തണം. പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല. ഏത് പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു. 

വേനൽമഴയെ തുടർന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഡെങ്കിപ്പനി നേരിയ തോതിൽ വർധനവുള്ളതിനാൽ കൂടുതൽ ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മറ്റ് കൊതുക് ജന്യ രോഗങ്ങളും ചെറുതായി വർധിക്കുന്നതായി കാണുന്നു. ഡെങ്കിപ്പനി, എലിപ്പനി, സിക്ക, ചിക്കൻഗുനിയ, കോളറ, ഷിഗല്ല, എച്ച്. 1 എൻ. 1 എന്നിവയ്ക്കെതിരെ ശ്രദ്ധ വേണം. നിലവിലെ ചികിത്സാ പ്രോട്ടോകോൾ പാലിക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി. പ്രളയാനുബന്ധ പ്രശ്നങ്ങൾ പ്രതിരോധിക്കുന്നതിന് ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. അവശ്യ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും വേണ്ടത്ര ശേഖരിച്ച് വയ്ക്കാനും മന്ത്രി നിർദേശം നൽകി. 

Tags:    

Similar News