കൊട്ടാക്കരയിൽ കുത്തേറ്റ് മരിച്ച ഡോ.വന്ദനാ ദാസിന് ആദരാഞ്ജലി അർപ്പിച്ച് ആരോഗ്യമന്ത്രി വീണാജോർജ്. വനന്ദനയുടെ കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിയാണ് മന്ത്രി ആദരാഞ്ജലി അർപ്പിച്ചത്. വന്ദനയുടെ മാതാപിതാക്കളോട് സംസാരിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. മുട്ടുചിറയിലെ വീട്ടിൽ ഉച്ചയ്ക്ക് 2 മണിക്കാണ് വന്ദനയുടെ സംസ്കാര ചടങ്ങുകൾ നടക്കുക. രാവിലെ മുതൽ നടക്കുന്ന പൊതു ദർശനത്തില്‍ സമൂഹത്തിന്‍റെ നാനാഭാഗത്ത് നിന്നും ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ബുധനാഴ്ച രാത്രി എട്ട് മണിക്കാണ് തിരുവനന്തപുരത്ത് നിന്നും വന്ദനയുടെ മൃതദേഹം കോട്ടയത്തെ വീട്ടിലെത്തിച്ചത്.
കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് ജോലിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. ഹൗസ് സർജൻ ഡോ. വന്ദനാ ദാസാണ് (25)കൊല്ലപ്പെട്ടത്. പൊലീസ് പരിശോനക്ക് എത്തിച്ച കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ഡോക്ടറെ കുത്തിയത്. പൊലീസുകാർ ഉൾപ്പെടെ നാലുപേർക്കും ആക്രമണത്തിൽ പരിക്കേറ്റു. ലഹരിക്ക് അടിമയായ സന്ദീപുമായി ബുധനാഴ്ച പുലർച്ചെ നാലുമണിക്കാണ് പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയത്. വീട്ടിലുണ്ടായ പ്രശ്‌നത്തെ തുടർന്ന് സന്ദീപിന്റെ കാലിന് പരിക്കേറ്റിരുന്നു. ഇത് പരിശോധിക്കുന്നതിനിടെയാണ് ഡോക്ടർ വന്ദനയെ കുത്തിയത്. ഡോക്ടറുടെ മുറിയിലുണ്ടായിരുന്ന ശസ്ത്രക്രിയ ഉപകരണമെടുത്താണ് കുത്തിപരിക്കേൽപ്പിച്ചത്.