'എൽകെജി പ്രവേശനത്തിന് പണം വാങ്ങുന്ന രീതി അവസാനിപ്പിക്കും'; വി ശിവൻകുട്ടി

Update: 2023-06-04 03:56 GMT

വിദ്യാഭ്യാസ കച്ചവടം സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. എൽകെജി, യുകെജി പ്രവേശനത്തിനും മറ്റുമായി പണം വാങ്ങുന്ന രീതി അവസാനിപ്പിക്കുമെന്നും പൊതുവിദ്യാഭാസ വകുപ്പ് നടപ്പാക്കുന്ന ചട്ടങ്ങളും നിയമങ്ങളും എല്ലാ വിദ്യാലയങ്ങളും പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ജ്ഞാന സമൂഹം സൃഷ്ടിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. പാവപ്പെട്ട വിദ്യാർത്ഥികൾക്കും മികച്ച പഠന സൗകര്യമാണ് നൽകുന്നത്. മാത്രമല്ല, സർക്കാർ വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ഒരധ്യാപകനെയും പ്രൈവറ്റ് ട്യൂഷൻ നടത്താൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഗുരുവായൂരിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് കൂടുതൽ അധ്യയന ദിവസം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് സർക്കാർ പ്രാധാന്യം നൽകുന്നതിനാലാണ് 210 പ്രവർത്തി ദിനം ഉണ്ടാകണമെന്ന് തീരുമാനിച്ചത്. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനും ഇത് ഉപകാരപ്രദമാകും. ഓരോ അധ്യാപകനും കുട്ടിയുടെ രക്ഷാകർത്താവാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

 

Tags:    

Similar News