'വര്‍ധന എതിര്‍ത്ത് ഒരു ഫോണ്‍ പോലും വന്നില്ല': വെള്ളക്കരം കൂട്ടിയത് ന്യായീകരിച്ച് മന്ത്രി

Update: 2023-02-06 04:44 GMT

ജനങ്ങൾക്കു ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കരം വർധിപ്പിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വെള്ളക്കരം കൂട്ടാതെ മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്. വെള്ളക്കരം കൂട്ടിയതിൽ ഇതുവരെ ഒരു ഫോൺകോൾ പോലും ലഭിച്ചിട്ടില്ല. ഒരുകുപ്പി വെള്ളം 20 രൂപയ്ക്ക് വാങ്ങുന്നവര്‍ക്ക് ലീറ്ററിന് ഒരു പൈസ അധികം നല്‍കാമെന്നും മന്ത്രി പറഞ്ഞു. കൂടിയ നിരക്ക് നല്‍കേണ്ടി വരിക മാര്‍ച്ച്, ഏപ്രില്‍ മാസത്തെ ബില്ലിലാണെന്നും അദ്ദേഹം ന്യായീകരിച്ചു. മാര്‍ച്ചിനുശേഷമാകും വിലവര്‍ധനയെന്നാണ് മന്ത്രി നേരത്തെ പറഞ്ഞിരുന്നത്.

ഏപ്രിൽ മുതൽ എന്നുകരുതിയ നിരക്കുവർധന വെള്ളിയാഴ്ച പ്രാബല്യത്തിലായി. ലീറ്ററിന് ഒരു പൈസ കൂട്ടാൻ എൽഡിഎഫ് കഴിഞ്ഞമാസം 13നു സർക്കാ‍രിന് അനുമതി നൽകിയിരുന്നു. വെള്ളിയാഴ്ചയാണ് ഇത് ഉത്തരവായി പുറത്തിറങ്ങിയത്. ബജറ്റിലെ നികുതിനിർദേശങ്ങൾ ഏപ്രിൽ ഒന്നിനാണു പ്രാബല്യത്തിൽ വരുന്നതെങ്കിൽ, വാട്ടർ ചാർജ് വർധന വെള്ളിയാഴ്ച തന്നെ പ്രാബല്യത്തിലായി. മാർച്ചിനു ശേഷമാകും വർധനയെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ നേരത്തേ പറഞ്ഞിരുന്നത്.

വെള്ളിയാഴ്ച മുതൽ ഉപയോഗിച്ച വെള്ളത്തിനു പുതിയ നിരക്ക് കണക്കാക്കിയുള്ള ബിൽ ആകും അടുത്തമാസം ലഭിക്കുക. രണ്ടു മാസത്തിലൊരിക്കലാണ് വാട്ടർ ബിൽ. പുതിയ നിരക്കു പ്രകാരം 1000 ലീറ്ററിന് 10 രൂപ കൂടും. എല്ലാ വിഭാഗം ഉപയോക്താക്കൾക്കും നിരക്ക് കൂടും.

പുതിയ നിരക്കിൽ വിവിധ സ്ലാബുകളിലായി ഒരു കുടുംബം ശരാശരി 200 – 400 രൂപയാകും അധികം നൽകേണ്ടി വരിക; ഇപ്പോഴ‍ത്തേതിന്റെ മൂന്നിരട്ടി. നാലംഗ കുടുംബ മാസം ശരാശരി 15,000 – 20,000 ലീറ്റർ വെള്ളമാണ് ഉപയോഗിക്കുന്നത്. മാസം 5,000 ലീറ്റർ വരെ മിനിമം താരി‍ഫ് 22.05 രൂപയായിരുന്നത് ഇനി 72.05 രൂപയാകും. വെള്ളം ഉപയോഗിച്ചില്ലെങ്കിൽപോലും പ്രതിമാസം 5000 ലീറ്റർ ഉപയോഗിക്കുന്നതായി കണക്കാക്കി മിനിമം ചാർജ് അടയ്ക്കണം. 5000 ലീറ്ററിനു മുകളിൽ വരുന്ന ഓരോ 1000 ലീറ്ററിന്റെ ഉപയോഗത്തിനും 4.41 രൂപയാണ് നിലവിലെ പ്രതിമാസ നിരക്ക്. ഇനി ഇത് 14.41 രൂ‍പയാകും.

Tags:    

Similar News