'മോക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവത്തിൽ ശ്രദ്ധക്കുറവുണ്ടായിട്ടില്ല'; വിശദമായ റിപ്പോർട്ട് തേടി മന്ത്രി
മോക് ഡ്രില്ലിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ശ്രദ്ധക്കുറവുണ്ടായിട്ടില്ലെന്ന് മന്ത്രി കെ രാജൻ. പ്രാഥമിക അന്വേഷണത്തിൽ യുവാവിന്റെ മരണത്തിൽ അസ്വഭാവികത ഇല്ലെന്നും വീഴ്ച പറ്റിയിട്ടില്ലെന്നുമാണ് പ്രാഥമിക റിപ്പോർട്ടെന്നും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടതായും മന്ത്രി വിശദീകരിച്ചു. മോക് ഡ്രില്ലിനിടെ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരും. സുഖകരമായ സ്ഥലത്തല്ല മോക് ഡ്രിൽ നടത്തുക. ശ്രദ്ധക്കുറവ് ഉണ്ടായിട്ടില്ലെന്നാണ് മനസിലാകുന്നത്. വിശദ റിപ്പോർട്ട് വൈകുന്നേരത്തോടെ ലഭിക്കുമെന്നും മന്ത്രി കെ രാജൻ വിശദീകരിച്ചു.
അതേ സമയം വെള്ളത്തിൽ വീണവരെ എങ്ങനെ രക്ഷിക്കാമെന്നുള്ള പരീക്ഷണത്തിനിടയിലാണ് ബിനു സോമൻ മുങ്ങി മരിച്ചത്. എൻഡിആർഎഫിന്റെയും ഫയർഫോഴ്‌സിന്റെയും സാന്നിധ്യമുള്ളപ്പോളായിരുന്നു അപകടം.