മന്ത്രി മുഹമ്മദ് റിയാസ് 'ഡിസാസ്റ്റർ പി.ആർ' അവസാനിപ്പിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് 'ഡിസാസ്റ്റർ പി.ആർ' അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ദുരന്തമേഖലയിൽ ഡിസാസ്റ്റർ ടൂറിസം പാടില്ലെന്നാണ് മന്ത്രി റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം, ഡിസാസ്റ്റർ പി.ആറും പാടില്ലെന്നാണ് മന്ത്രിയോട് പറയാനുള്ളതെന്നും ദുരന്തത്തെ പി.ആറിനായി ഉപയോഗിക്കരുതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.
എല്ലാം ഒറ്റക്ക് ചെയ്യാമെന്ന പറയുന്ന സർക്കാർ എല്ലാം വൃത്തിയായി ചെയ്യാൻ തയാറാകണം. ദുരന്തത്തെ നാം ഒരുമിച്ച് നേരിടണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. അതിനാൽ, ആരാണ് ആദ്യം ഓടിയെത്തുന്നത് എന്ന മൽസരം സർക്കാർ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ശീലമില്ലാത്ത ദുരന്തത്തെയാണ് നാട് നേരിട്ടിരിക്കുകയാണ്. വിമർശനത്തിന് കാരണമുണ്ടെങ്കിലും അതിന്‍റെ സമയമല്ലെന്ന അറിയാവുന്നത് കൊണ്ടാണ് ഇതുവരെ വിമർശിക്കാതിരുന്നതെന്നു പറഞ്ഞ രാഹുൽ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ അടക്കമുള്ളവർ വൈറ്റ് ഗാർഡിന്‍റെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും ഇവിടെ നിന്ന് ഭക്ഷണം കഴിച്ചത് കൊണ്ട് ഒരാൾക്കും അസുഖം വന്നിട്ടില്ലെന്നും വ്യക്തമാക്കി.
ഒരു രാത്രിയിൽ വന്നിട്ട് ശുചിത്വമില്ലെന്ന് പറഞ്ഞ് ഭക്ഷണം വേണ്ടെന്ന് പൊതുമരാമത്ത് മന്ത്രി പറയുന്നു. സന്നദ്ധ സംഘടനയുടെ ഭക്ഷണശാല പൂട്ടുന്ന സർക്കാർ ബദൽ സംവിധാനം ഒരുക്കണം. സൈനികർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ഇന്ന് ഭക്ഷണം ലഭിച്ചില്ലെന്ന് പരാതി ഉയർന്നു. ശാരീരിക അദ്ധ്വാനം ചെയ്യുന്ന വളണ്ടിയർമാർക്ക് ഭക്ഷണം എത്തിക്കേണ്ടതുണ്ട്. ഭക്ഷണശാല പൂട്ടാനുള്ള ആവേശം കാണിച്ച സർക്കാർ ബദൽ സംവിധാനം ഒരുക്കുന്നതിൽ കാണിക്കുന്നില്ലെന്നും ചില ഭക്ഷ്യവസ്തുക്കൾ ഡേറ്റ് കഴിഞ്ഞതാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
കലക്ടറേറ്റുകളിലേക്ക് മാത്രം സാധനങ്ങൾ അയക്കാൻ പാടുള്ളൂവെന്നാണ് ആദ്യം സർക്കാർ ഉത്തരവിട്ടത്. എന്നാൽ, ഒരു യുവജന സംഘടനകൾ പോലും ക്യാമ്പിന് സമീപത്തെ കളക്ഷൻ സെന്‍ററുകൾ പൂട്ടിയില്ല. ക്യാമ്പിൽ കഴിയുന്നവർ നേരിട്ടുവന്ന് സാധനങ്ങൾ വാങ്ങിക്കാൻ കളക്ഷൻ സെന്‍ററുകൾ സഹായകരമാണ്. ദുരിതം നേരിട്ട ശേഷം ക്യാമ്പിൽ കഴിയുന്നവർ ആവശ്യമായ ഭക്ഷണവും വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും കിട്ടാൻ കലക്ടർ പാസാക്കുന്ന ഉത്തരവ് വരെ കാത്തിരിക്കണമെന്ന് പറഞ്ഞാൽ അത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഒരു സ്വകാര്യ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.