നവീൻ ബാബുവിനെ കുറിച്ച് ഇതുവരെ ഒരു പരാതിയും ഉണ്ടായിട്ടില്ല, ജനപ്രതിനിധികൾക്ക് പക്വതയും ധാരണയും ഉണ്ടാകണം; മന്ത്രി കെ രാജൻ

Update: 2024-10-15 08:00 GMT

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ തള്ളി റവന്യൂ മന്ത്രി കെ. രാജൻ രംഗത്ത്. ജനപ്രതിനിധികൾ ആരാണെങ്കിലും പൊതുസമൂഹത്തോടുള്ള ഇടപെടലിലും ചലനങ്ങളിലും സംസാരത്തിലുമെല്ലാം പക്വതയും പൊതുധാരണയുമുണ്ടാകേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, നവീൻ ബാബുവിന്റെ മരണം വലിയ നഷ്ടമാണ് സർക്കാരിനുണ്ടാക്കിയതെന്നും മന്ത്രി പ്രതികരിച്ചു.

ഗൗരവമായ അന്വേഷണം ഇക്കാര്യത്തിൽ ഉണ്ടാകും. നവീൻ ബാബുവിനെ കുറിച്ച് ഇതുവരെ ഒരുപരാതിയും ഉണ്ടായിട്ടില്ല. നല്ല ഉദ്യോഗസ്ഥനാണ് എന്നുതന്നെയാണ് ഇതുവരെയുള്ള ധാരണ. കളക്ടറോട് എത്രയും വേഗത്തിൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതു ലഭിച്ചാലുടൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെയാണ് കണ്ണൂർ എഡിഎം കെ. നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. നവീൻ ബാബുവിനെതിരെ ഇന്നലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. പത്തനംതിട്ട എഡിഎം ആയി സ്ഥലം മാറ്റം ലഭിച്ചതിനെ തുടർന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നവീൻ ബാബുവിന് ഇന്നലെ നൽകിയ യാത്രയയപ്പ് ചടങ്ങിലേക്കാണ് ക്ഷണിക്കപ്പെടാതെ പി.പി ദിവ്യ എത്തി അഴിമതി ആരോപണം ഉന്നയിച്ചത്.

Tags:    

Similar News