ഭക്ഷ്യവിഷബാധ തടയാൻ നിർദ്ദേശവുമായി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. ഹോട്ടലുകളിൽ നിന്ന് ഷവർമ പോലുള്ള ഭക്ഷണ സാധനങ്ങൾ പാഴ്‌സൽ കൊടുക്കുന്നത് നിർത്തണം. ഹോട്ടലിൽ വച്ച് തന്നെ ഭക്ഷണം കഴിക്കുന്നത് നിർബന്ധമാക്കണമെന്നും ജി ആർ അനിൽ തിരുവനന്തപുരത്ത് പറഞ്ഞു. നിയമനടപടികൾ വൈകുന്നത് ഭക്ഷ്യവിഷബാധ ആവർത്തിക്കാനിടയാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കാസർകോട് ഭക്ഷ്യവിഷബാധ മരണത്തിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പരിശോധനകൾ നടക്കുകയാണ്. സംസ്ഥാനത്ത് ഒരാഴ്ചക്കിടെ രണ്ട് ഭക്ഷ്യവിഷബാധ മരണമാണ് റിപ്പോർട്ട് ചെയ്തത്. ഈ മാസം രണ്ടിനാണ് ഭക്ഷ്യവിഷബാധയേറ്റ കോട്ടയം മെഡിക്കൽ കോളജിലെ നഴ്സ് രശ്മി രാജ് മരിച്ചത്. കാസർകോട് പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാർവ്വതി എന്ന 19 വയസുകാരി ഇന്നലെയാണ് മരിച്ചത്. കാസർകോട് അടുക്കത്ത്ബയലിലെ അൽ റൊമൻസിയ ഹോട്ടലിൽ നിന്ന് ഓൺലൈനായി വാങ്ങിയ കുഴിമന്തി കഴിച്ച കുട്ടിയാണ് മരിച്ചത്.