കേരളത്തിൽ നടക്കാൻ സാധ്യതയില്ലാത്തത്; ഡി.കെ. ശിവകുമാറിന്റെ മൃഗബലി ആരോപണം തളളി മന്ത്രി

Update: 2024-05-31 08:59 GMT

കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ക്ഷേത്രത്തിന് സമീപം വച്ച് മൃഗബലി നടന്നെന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിൻറെ ആരോപണം തളളി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. കർണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉന്നയിച്ച ആരോപണം നടക്കാൻ സാധ്യതയില്ലാത്തതാണെന്ന് മന്ത്രി അറിയിച്ചു. കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിത്. ഇത്തരത്തിൽ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.

കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വച്ച് ശത്രുഭൈരവ എന്ന പേരിൽ നടത്തിയ യാഗത്തിൽ 52 മൃഗങ്ങളെ ബലി നൽകിയെന്നാണ് ഡികെയുടെ ആരോപണം. കണ്ണൂരിലാണ് മൃഗബലി നടന്നതെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും അത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് വിവരം.

കർണാടകയിൽ വരാനിരിക്കുന്ന എംഎൽസി തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെക്കുറിച്ച് നടത്തിയ വാർത്താസമ്മേളനത്തിൻറെ അവസാനമാണ് തീർത്തും അനൗദ്യോഗികമായും തമാശ മട്ടിലും കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഇത്തരമൊരു പരാമർശം നടത്തുന്നത്. തനിക്കും സിദ്ധരാമയ്യക്കും എതിരെയാണ് യാഗം നടന്നതെന്നാണ് വിവരം. കർണാടകയിലെ സമുന്നതനായ ഒരു രാഷ്ട്രീയനേതാവാണ് ഇതിന് പിന്നിൽ. ആരാണ് ഇത് ചെയ്യിച്ചത് എന്ന് തനിക്ക് നന്നായി അറിയാം. പക്ഷേ താൻ ദൈവത്തിൽ വിശ്വസിക്കുന്നുവെന്നും ഇതൊന്നും ഏൽക്കില്ല എന്നും ഡി കെ ശിവകുമാർ പറഞ്ഞു.

Tags:    

Similar News