ജെഡിഎസ് ബിജെപിയുമായി സഖ്യം രൂപീകരിച്ചതു പിണറായി വിജയന്റെ പൂർണ്ണ സമ്മതത്തോടെയെന്ന ജെഡിഎസ് ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ പരാമർശം തള്ളി സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസും മന്ത്രി കെ.കൃഷ്ണൻ കുട്ടിയും. ബിജെപി ബന്ധത്തിനു കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെയും പിന്തുണയുണ്ടെന്നു പറയുന്നത് അടിസ്ഥാനരഹിതമാണെന്നു മാത്യു ടി.തോമസ് പറഞ്ഞു. തെറ്റിദ്ധാരണ മൂലമോ, പ്രായാധിക്യം മൂലമോ സംഭവിച്ച പിഴവായിരിക്കാം ദേവെഗൗഡയ്‌ക്കെന്നും മാത്യു ടി.തോമസ് വിശദീകരിച്ചു.
'പിണറായി വിജയന്റെ അനുമതിയോടെയാണു ബിജെപിയുമായി സഖ്യത്തിൽ ഏർപ്പെട്ടതെന്നാണു ദേവെഗൗഡ പ്രഖ്യാപിച്ചത്. ഇതു കേരളരാഷ്ട്രീയത്തിൽ ഒട്ടനവധി തെറ്റായ വ്യാഖ്യാനങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള പ്രസ്താവനയാണ്. തെറ്റിദ്ധാരണ മൂലം, അല്ലെങ്കിൽ പ്രായാധിക്യം മൂലം സംഭവിച്ച പിഴവാണെന്നു കരുതുന്നു. പിണറായി വിജയനും ദേവെഗൗഡയും തമ്മിൽ ആശയവിനിമയം നടത്തിയിട്ടു വർഷങ്ങളായി. യാതൊരു ചർച്ചയും നടന്നിട്ടില്ല. ബിജെപി ബന്ധത്തിന് കേരളത്തിലെ ജനതാദൾ എസ് പ്രതിനിധിയായ മന്ത്രിയോ മുഖ്യമന്ത്രിയോ അനുവാദം നൽകുകയെന്നത് തീർത്തും അസംഭവ്യമാണ്. ഒരു ഫോറത്തിലും ചർച്ചചെയ്യാതെയാണു ബിജെപിക്കൊപ്പം ചേരുകയാണെന്ന പ്രഖ്യാപനം ജെഡിഎസ് ദേശീയ അധ്യക്ഷൻ ദേവെഗൗഡ നടത്തിയത്''-മാത്യു ടി.തോമസ് വിശദീകരിച്ചു.
ജെഡിഎസ് ബിജെപിയുമായി സഖ്യം രൂപീകരിച്ചതു കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ സമ്മതത്തോടെയാണെന്ന ദേവെഗൗഡയുടെ പരാമർശത്തെ മന്ത്രി കെ.കൃഷ്ണൻകുട്ടിയും തളളി. മുഖ്യമന്ത്രി സമ്മതം കൊടുത്തിട്ടില്ലെന്നും ജെഡിഎസ് കേരളഘടകത്തിനു ദേവെഗൗഡയുടെ എൻഡിഎ ബന്ധത്തോടു വിയോജിപ്പാണെന്നും കൃഷ്ണൻകുട്ടി വിശദീകരിച്ചു.