തൃശൂരിൽ വൻ സ്വർണ കവർച്ച; കാറിലെത്തിയ സംഘം 3.2 കിലോ സ്വർണാഭരണം തട്ടിയെടുത്തു

Update: 2023-09-09 07:56 GMT

നഗരത്തിൽ വൻ സ്വർണ കവർച്ച. കാറിലെത്തിയ സംഘം ആഭരണ നിർമാണശാലയിലെ ജീവനക്കാരെ ആക്രമിച്ച് സ്വർണം തട്ടിയെടുക്കുകയായിരുന്നു. 3.2 കിലോ വരുന്ന സ്വർണാഭരണങ്ങളാണ് കവർന്നെടുത്തത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. തൃശൂർ ഈസ്റ്റ് പൊലീസാണ് നേതൃത്വം നൽകുന്നത്.

നിർമാണം പൂർത്തിയാക്കിയ ആഭരണങ്ങൾ ആഴ്ചയിൽ ഒരുദിവസം കന്യാകുമാരിയിലെ ജ്വല്ലറികളിൽ എത്തിക്കുന്ന പതിവുണ്ട്. കഴിഞ്ഞ ദിവസം ഇതിനായി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയാണ് ആക്രമണമുണ്ടായത്. കാറിലെത്തിയ നാൽവർ സംഘം ആഭരണ നിർമാണശാലയിലെ രണ്ടു ജീവനക്കാരെ ആക്രമിച്ച് കീഴ്പ്പെടുത്തി സ്വർണവുമായി കടന്നതായി ഇവർ പൊലീസിനു മൊഴി നൽകി. തൃശൂരിലെ ഡിപി പ്ലാസ കെട്ടിടത്തിലാണു സ്ഥാപനം പ്രവർത്തിച്ചുവരുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ സിസി‌ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. ആഭരണങ്ങൾ ജീവനക്കാർ പതിവായി കൊണ്ടുപോകുന്ന വിവരം അറിയാവുന്നവരാണു കവർച്ചയ്ക്കു പിന്നിലെന്നു പൊലീസ് സംശയിക്കുന്നു. സ്ഥാപനവും റെയിൽവേ സ്റ്റേഷനും തമ്മിൽ അര കിലോമീറ്ററോളം ദൂരം മാത്രമേ ഉള്ളൂവെന്നതിനാൽ ആസൂത്രിതമായ കവർച്ചയാവാനാണ് സാധ്യതയെന്നും പൊലീസ് വിലയിരുത്തുന്നു. ജീവനക്കാരുടെ ഫോൺ വിളി വിവരങ്ങളും പരിശോധിക്കുന്നുണ്ട്.

Tags:    

Similar News