വയനാട് ഉരുൾപൊട്ടലിൽ ഏഴ് മരണം; കാണാതായവർക്കായി തെരച്ചിൽ, കൺട്രോൾ റൂം തുറന്നു

Update: 2024-07-30 01:52 GMT

മുണ്ടക്കൈയിൽ രണ്ടു തവണയായുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ ഏഴുപേരുടെ മൃതദേഹം കണ്ടെത്തി. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. ചൂരൽമല ടൗണിൻറെ ഒരു ഭാഗം ഒലിച്ചുപോയി. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകൾ തകർന്നു. വെള്ളാർമല സ്‌കൂൾ പൂർണമായും വെള്ളത്തിനടിയിലായി. ഉരുൾപൊട്ടലിൽ കനത്ത നാശമാണ് ഉണ്ടായത്. വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്.

മുണ്ടക്കൈയിൽ പുലർച്ചെ ഒരു മണിക്കും പിന്നീട് നാലു മണിക്കുമായി രണ്ടു തവണയാണ് ഉരുൾപൊട്ടിയത്. അർധരാത്രിയിലെ ഉരുൾപൊട്ടലിനുശേഷം രക്ഷാപ്രവർത്തനം നടക്കുന്നതിനിടെയാണ് വീണ്ടും ഉരുൾപൊട്ടലുണ്ടായത്. 400ലധികം കുടുംബങ്ങളെയൊണ് ഉരുൾപൊട്ടൽ ബാധിച്ചത്. നിരവധി പേർ അപകടത്തിൽപെട്ടിട്ടുണ്ടാകാമെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധി പേരെ കാണാനില്ലെന്ന വീട്ടുകാരുടെ സഹായഅഭ്യർഥനകളും പുറത്തുവരുന്നുണ്ട്. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.റവന്യു മന്ത്രി കെ രാജൻ, മന്ത്രി ഒആർ കേളു ഉൾപ്പെടെയുള്ളവർ വയനാട്ടിലേക്ക് തിരിച്ചു.

എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തി. അതേസമയം, ദുരന്തത്തിൻറെ കൃത്യമായ ചിത്രം ഇതുവരെ ലഭിച്ചിട്ടില്ലെന്നും രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് ഹെലികോപ്ടർ സഹായം തേടുന്നുണ്ട്. അപകടത്തിൽ പെട്ട 16 പേർ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഉരുൾപൊട്ടലടക്കമുള്ള വയനാട് ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാവാൻ 9656938689, 8086010833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Tags:    

Similar News