മകരജ്യോതി ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സന്നിധാനവും പരിസരവും അയ്യപ്പഭക്തരെ കൊണ്ട് നിറഞ്ഞു. മകരജ്യോതി കാണാവുന്ന സ്ഥലങ്ങളിലെല്ലാം ഭക്തരുടെ തിരക്കാണ്. സന്നിധാനത്തും പരിസരത്തുംമാത്രം ഒരു ലക്ഷത്തിലേറെപ്പേര്‍ തമ്പടിച്ചിട്ടുണ്ട്. സംക്രമസന്ധ്യയില്‍ അയ്യപ്പസ്വാമിക്കു ചാര്‍ത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര ഇന്നു വൈകിട്ട് 6.20നുശേഷം സന്നിധാനത്തെത്തും. തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്നു ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങും. അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തിയുള്ള ദീപാരാധനയ്ക്കു ശേഷം 6.30നും 6.50നും മധ്യേ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. രാത്രി 8.45നാണ് മകരസംക്രമ മുഹൂര്‍ത്തം. അയ്യപ്പ വിഗ്രഹത്തില്‍നിന്നു തിരുവാഭരണങ്ങള്‍ മാറ്റിയശേഷം കവടിയാര്‍ കൊട്ടാരത്തില്‍ നിന്നു കൊടുത്തുവിട്ട അയ്യപ്പ മുദ്രയിലെ നെയ്യ് സംക്രമവേളയില്‍ അഭിഷേകം ചെയ്യും. അത്താഴപൂജയ്ക്കു ശേഷം മാളികപ്പുറത്തുനിന്നുള്ള എഴുന്നള്ളത്തു തുടങ്ങും.
പത്തിലധികം കേന്ദ്രങ്ങളില്‍ നിന്ന് മകരവിളക്ക് കാണാന്‍ സൗകര്യമുണ്ട്. സുരക്ഷക്ക് 2000 പൊലീസുകാരെയാണ് പമ്പ മുതല്‍ സന്നിധാനം വരെ വിന്യസിച്ചിരിക്കുന്നത്. തിരുവഭരണ ഘോഷയാത്ര വരുന്നതിനാല്‍ ഉച്ചക്ക് 12 മണിക്ക് ശേഷം പമ്പയില്‍ നിന്ന് തീര്‍ത്ഥാടകരെ കടത്തിവിടില്ല. ഇടുക്കിയില്‍ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ മകരജ്യോതി ദശനത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. മൂന്നിടത്തും ജില്ലാകളക്ടര്‍ ഷീബ ജോര്‍ജ്ജെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. സുരക്ഷക്കും ഗതാഗത നിയന്ത്രണത്തിനുമായി ഇവിടെ1400 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. മോട്ടോ വാഹന വകുപ്പ്, പൊലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവരുടെ യോഗം കുട്ടിക്കാനത്ത് നടന്നു. ദേശീയപാതയില്‍ പാര്‍ക്കിങ് പൂര്‍ണമായും ഒഴിവാക്കും. മുണ്ടക്കയത്തുനിന്ന് കുമളിയില്‍ നിന്നുമുള്ള ചരക്ക് വാഹനങ്ങള്‍ക്ക് വൈകിട്ട് 5 മണി മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊലീസിന്റെ നേതൃത്വത്തില്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തീര്‍ഥാടകരുടെ മടക്കയാത്രയ്ക്കായി 1000 ബസുകള്‍ കെഎസ്ആര്‍ടിസി ക്രമീകരിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് 19 വരെയാണ് ദര്‍ശനം. തീര്‍ഥാടനത്തിനു സമാപനം കുറിച്ച് 20ന് രാവിലെ 6.30ന് ക്ഷേത്രനട അടയ്ക്കും