എട്ട് പോലീസ് സ്റ്റേഷനുകൾക്ക് നേരെ മാവോവാദി ആക്രണത്തിന് സാധ്യത; ഇന്റലിജൻസ് റിപ്പോർട്ട്‌

Update: 2023-10-11 08:53 GMT

കോഴിക്കോട് എട്ടു പോലീസ് സ്റ്റേഷനുകൾക്ക് നേരെ മാവോവാദി ആക്രണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്‌. വളയം, കുറ്റ്യാടി, തൊട്ടിൽപ്പാലം, പെരുവണ്ണാമുഴി, കൂരാചുണ്ട്, താമരശ്ശേരി, തിരുവമ്പാടി, കോടഞ്ചേരി സ്റ്റേഷനുകളിലാണ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഈ സ്റ്റേഷനുകൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി. വയനാട്ടിലെ മാവോവാദി സാന്നിധ്യത്തിന് തൊട്ടുപിന്നാലെയാണ് കോഴിക്കോട്ടെ മലയോരമേഖലയിലും മാവോവാദി ആക്രമണസാധ്യതയുണ്ടെന്ന രഹസ്യാന്വേഷണറിപ്പോർട്ട്.

കോഴിക്കോട്ടെ ഈ സ്റ്റേഷനുകളിലേക്ക് കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി ജില്ലകളിൽ നിന്നും കാട്ടിലൂടെ എളുപ്പത്തിൽ എത്തിപ്പെടാൻ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ആക്രമണസാധ്യത മുൻനിർത്തി മൂന്നു മേഖലകളായി തിരിച്ചാണ് ഇവിടങ്ങളിലെ പരിശോധന നടക്കുന്നത്.

മാവോവാദികളുടെയും തീവ്ര ഇടതുപക്ഷവിഭാഗങ്ങളുടെയും ഏറ്റവും ആദ്യത്തെ ആക്രമണം നടത്താനുള്ള സാധ്യതയുള്ളത് തൊട്ടിൽപ്പാലം, പെരുവണ്ണാമൂഴി സ്റ്റേഷനുകൾക്കുനേരെ ആയിരിക്കാമെന്നാണ് പ്രാഥമിക നി​ഗമനം. രണ്ടാം സാധ്യതാപട്ടികയിലുള്ള സ്റ്റേഷനുകൾ കുറ്റ്യാടി, വളയം, കൂരാച്ചുണ്ട് എന്നിവിടങ്ങളാണ്. മൂന്നാം മേഖലയിലെ സ്റ്റേഷനുകൾ കോടഞ്ചേരി, തിരുവമ്പാടി, താമരശ്ശേരി എന്നിവയാണ്. ഇവിടങ്ങളിലെ പ്രത്യേക പരിശോധനയ്‌ക്കായി എസ്.ഐ. ഉൾപ്പെടെ മൊത്തം 240 പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്.

അതേസമയം വടകര, താമരശ്ശേരി, പേരാമ്പ്ര ഡിവൈ.എസ്.പി.മാർക്ക് നേരിട്ടുള്ള മേൽനോട്ടച്ചുമതലയാണ് നൽകിയിരിക്കുന്നത്. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയും രാത്രി എട്ടുമുതൽ പിറ്റേന്ന് രാവിലെ എട്ടുവരെയും എന്ന ക്രമത്തിലാണ് സേനയെ വിന്യസിച്ചിട്ടുള്ളത്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ പരിശോധന തുടരുമെന്നാണ് കോഴിക്കോട് റൂറൽ പോലീസ് സൂപ്രണ്ടിന്റെ ഉത്തരവിലൂടെ വ്യക്തമാകുന്നത്.

നിലവിൽ ആദിവാസി കോളനികളിൽ പ്രത്യേക നിരീക്ഷണം ആവശ്യമാണെന്നും മൂന്നു മേഖലകളിലുമായി ആയുധധാരികളായ പത്തുപേർവീതം വലിയ വാഹനങ്ങളിൽ സ്ഥിരമായി റോന്ത് ചുറ്റണമെന്നും ഉത്തരവിൽ പറയുന്നു.

Tags:    

Similar News