വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലും; ഉത്തരവ് പുറപ്പെടുവിച്ചു

Update: 2023-12-10 10:25 GMT

വയനാട്ടിൽ ജനങ്ങളിൽ ഭീതി നിറച്ച നരഭോജി കടുവയെ കൊല്ലാൻ ഉത്തരവ്. വനംവകുപ്പ് മന്ത്രിയുടെ നിർദേശം പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇത് സംബന്ധിച്ച ഉത്തരവ് പറപ്പെടുവിച്ചത്. നരഭോജികളായ വന്യ ജീവികളെ കൊല്ലാൻ നിയമം ഉണ്ടെന്നും അത് പ്രകാരമാണ് ഉത്തരവെന്നും വനംമന്ത്രി പറഞ്ഞു. വന്യ ജീവി സംരക്ഷണ നിയമത്തിലെ 11((1). (a) പ്രകാരമാണ് നടപടി. കടുവയെ മയക്കുവെടിവച്ച് കൂട്ടികയറ്റണമെന്നും, അതിന് സാധിക്കുന്നില്ലെങ്കിൽ മാത്രമേ വെടിവച്ച് കൊല്ലാവൂ എന്നും ഉത്തരവിൽ പറയുന്നു.

അതേസമയം, വയനാട് വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ക്ഷീര കർഷകൻ പ്രജീഷിൻറെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്ത ശേഷം വീട്ടിലേക്ക് കൊണ്ടുവന്നു. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലായിരുന്നു പോസ്റ്റുമോർട്ടം.

ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് പുല്ലരിയാൻ പോയ പ്രജീഷിൻറെ മൃതദേഹം കടുവ പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഡിഎഫ്ഒയും ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ പ്രദേശവാസികൾ അനുവദിച്ചത്. കടുവയെ നരഭോജിയെന്ന് പ്രഖ്യാപിക്കുന്ന റിപ്പോർട്ട് സിസിഎഫിന് കൈമാറുമെന്ന് ഡിഎഫ്ഒ ഷജ്‌ന കരീം വ്യക്തമാക്കിയിരുന്നു.

കുടുംബത്തിനുള്ള ധനസഹായം, വനാതിർത്തിയിൽ ടൈഗർ ഫെൻസിംഗ്, കാടുവെട്ടിത്തെളിക്കാൻ സ്വകാര്യ ഭൂവുടമകളോട് നിർദേശം നൽകൽ, പ്രജീഷിന്റെ കുടുംബത്തിൽ ഒരാൾക്ക് ജോലി തുടങ്ങിയ ഉപാധികളും അംഗീകരിച്ചിട്ടുണ്ട്.

Tags:    

Similar News