രാജ്യ തലസ്‌ഥാനത്തെ കടുത്ത ചൂടിൽ മലയാളി പൊലീസുകാരൻ സൂര്യാഘാതമേറ്റു മരിച്ചു. ഉത്തംനഗർ ഹസ്സാലിൽ താമസിക്കുന്ന കോഴിക്കോട് വടകര സ്വദേശി കെ. ബിനേഷ് (50) ആണ് മരിച്ചത്. ഡൽഹി പൊലീസിൽ അസിസ്‌റ്റന്റ് സബ് ഇൻസ്പെക്ടറാണ്.
വസീറാബാദ് പൊലീസ് ട്രെയിനിങ് സെന്ററിൽ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്. പരിശീലനത്തിനുള്ള 1400 അംഗ പൊലീസ് സംഘത്തിൽ ബിനേഷ് ഉൾപ്പെടെ 12 മലയാളികളാണുണ്ടായിരുന്നത്. ചൂടേറ്റു തളർന്നു തലകറങ്ങി വീണ ബിനേഷിനെ ആദ്യം അടുത്തുള്ള ശുഭം ആശുപത്രിയിലെത്തിച്ചു.
ആരോഗ്യസ്‌ഥിതി മോശമായതോടെ പശ്ചിംവിഹാർ ബാലാജി ആശുപത്രിയിലേക്കു മാറ്റി. അവിടെ വച്ചായിരുന്നു മരണം. മൃതദേഹം ഇന്നു നാട്ടിലേക്കു കൊണ്ടു പോകും.
കനത്ത ചൂടു കാരണം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഡൽഹിയിൽ ഉയർന്ന താപനില 49.9 ഡിഗ്രി സെൽഷ്യസ് വരെയെത്തി. ഡൽഹിയിലെ മുങ്കേഷ്‌പുർ, നരേല തുടങ്ങിയ സ്‌ഥലങ്ങളിൽ ഇന്നലെ ഉയർന്ന താപനില 49.9 രേഖപ്പെടുത്തി. ജൂൺ 1,2 തീയതികളിൽ പൊടിക്കാറ്റുണ്ടാകുമെന്നാണ് കാലാവസ്‌ഥാ മുന്നറിയിപ്പ്.