മലപ്പുറം തേഞ്ഞിപ്പലത്ത് വന്‍ കുഴല്‍പ്പണവേട്ട; രണ്ട് കോടി രൂപയുമായി താമരശ്ശേരി സ്വദേശി അറസ്റ്റിൽ

Update: 2023-07-08 06:04 GMT

ദേശീയപാത കാക്കഞ്ചേരിയില്‍ വാഹന പരിശോധനക്കിടെയാണ് രണ്ട് കോടി രൂപയുടെ കുഴല്‍ പണവുമായി താമരശ്ശേരി പരപ്പന്‍ പൊയില്‍ സ്വദേശി അഷ്റഫ് പൊലീസിന്റെ പിടിയിലായത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് തേഞ്ഞിപ്പാലം പൊലിസ് കാക്കഞ്ചേരിയില്‍ വച്ച് വാഹന പരിശോധന നടത്തിയതും കാറില്‍ നിന്നും പണം കണ്ടെടുത്തതും. വിവിധയാളുകള്‍ക്ക് വിതരണം ചെയ്യുന്നതിനായാണ് പണം കൊണ്ട് പോയിരുന്നത്. കോഴിക്കോട് കൊടുവള്ളിയില്‍ നിന്നാണ് പണം എത്തിച്ചതെന്നാണ് അഷ്റഫിന്റെ മൊഴി. 500 രൂപയുടെ നോട്ട് കെട്ടുകള്‍ കാറിന്റെ മുന്‍വശത്തെ സീറ്റുകളുടെ അടി വശത്തായി പ്രത്യേകം നിര്‍മിച്ച രഹസ്യ അറയിലാണ് സൂക്ഷിച്ചിരുന്നത്.

അഷ്റഫ് സഞ്ചരിച്ചിരുന്ന വാഹനം സാധാരണ വാഹന പരിശോധനക്കെന്നോണം കൈകാണിച്ച് നിര്‍ത്തിക്കുകയും തുടര്‍ന്ന് വാഹനം പൂര്‍ണമായും പരിശോധന നടത്തുകയുമായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പണം കടത്താനുപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിലാണ്. ഇതിന് പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Tags:    

Similar News