സ്വമേധയാ ഒഴിയാത്ത സാഹചര്യമുണ്ടായാൽ പുറത്താക്കേണ്ടിവരും; ഔദ്യോഗിക വസതി മഹുവ  ഉടന്‍ ഒഴിയണമെന്ന് കേന്ദ്രം

Update: 2024-01-17 05:53 GMT

ലോക്‌സഭയില്‍നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് മുന്‍ എം.പി മഹുവ മൊയ്ത്രയോട് ഔദ്യോ​ഗിക വസതി ഉടന്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം. പാർലമെന്റിൽ ചോദ്യമുന്നയിക്കാൻ വ്യവസായിയിൽനിന്ന് പണവും സമ്മാനങ്ങളും കൈപ്പറ്റിയെന്ന പരാതിയെത്തുടര്‍ന്നാണ് മഹുവയെ ലോക്സഭയിൽനിന്ന് പുറത്താക്കിയത്. പിന്നാലെയാണ് നീക്കം.

സ്വമേധയാ ഒഴിയാത്ത സാഹചര്യമുണ്ടായാൽ മുൻ എം.പിയെ പുറത്താക്കേണ്ടിവരുമെന്നാണ് ഭവന നിർമാണ- നഗര കാര്യാലയ വകുപ്പിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സ് നൽകിയ നോട്ടീസിൽ പറയുന്നത്. വസതി ഒഴിയുന്നതിനായി മഹുവയ്ക്ക് ആവശ്യമായ സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാലയളവിൽ മഹുവ അനധികൃതമായി വസതി കെെവശം വച്ചിരിക്കുകയല്ലെന്ന് തെളിക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

ലോക്‌സഭാംഗത്വം നഷ്ടപ്പെട്ടതിനു പിന്നാലെ ഔദ്യോഗിക വസതി ഒഴിഞ്ഞുകൊടുക്കണമെന്ന നോട്ടീസിനെതിരെ മഹുവ മൊയ്ത്ര നൽകിയ ഹർജി നേരത്തെ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ജനുവരി 7-നു മുമ്പ് ഔദ്യോഗിക വസതി ഒഴിഞ്ഞു കൊടുക്കണമെന്നായിരുന്നു മഹുവയ്ക്ക് ലഭിച്ച നോട്ടീസ്. ഇതിനെതിരെയാണ് മുൻ എം.പി. ഹൈക്കോടതിയെ സമീപിച്ചത്. വസതിയിൽ നിന്ന് ഒഴിപ്പിക്കാനുള്ള നടപടികൾ നിയമപരമായി മാത്രം ചെയ്യണമെന്ന് സർക്കാരിനും കോടതി നിർദേശം നൽകി.

എം.പി.മാരുടെ ഉൾപ്പടെയുള്ള വസതികളുടെയും കേന്ദ്രസർക്കാരിന്റെ മറ്റു വസ്തുവകകളുടെയും ചുമതല ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്‌സിനാണ്. ഡിസംബർ 11-നാണ് വസതി ഒഴിഞ്ഞു കൊടുക്കണമെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് മഹുവയ്ക്ക് നോട്ടീസ് അയച്ചത്.

Tags:    

Similar News